മധ്യപ്രദേശിലെ ജബല്‍പൂരിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണു. അപകടത്തില്‍ നിന്നും തലനാരിഴക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. ഇവര്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന കാര്‍ അപകടത്തില്‍ തകര്‍ന്നു. മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
ആദ്യ മഴയില്‍ തന്നെ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്. പുതിയ ടെര്‍മിനല്‍ ബില്‍ഡിങ്ങിന് മുമ്പിലുള്ള മേല്‍ക്കൂരയാണ് കഴിഞ്ഞ ദിവസം തകര്‍ന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ രാജീവ് രത്തന്‍ പാണ്ഡ്യേ അറിയിച്ചു. പെട്ടെന്ന് ശക്തിയായി വെള്ളമെത്തിയതാണ് മേല്‍ക്കൂര തകരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. മേല്‍ക്കൂരക്ക് അടിയിലുണ്ടായിരുന്ന കാറിന് സാരമായ കേടുപാട് സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്തമഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചിരുന്നു. ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൂന്ന് ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനം ഉച്ചക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചു. ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബദല്‍സംവിധാനമൊരുക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.