അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി ഇതുവരെ സ്ഥലത്തെത്തിയില്ല.
പുഴയിലിറങ്ങാനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മഴ മാറി നില്ക്കുന്നതും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തിരച്ചിലിന് ഏറെ അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ല.
എന്തുകൊണ്ടാണ് ഈ അലംഭാവം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജിതിന്റെ സഹോദരി ഭര്‍ത്താവ് ജിതിന് പ്രതികരിച്ചു. രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്. മഴയില്ല, പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നിട്ടും നാവിക സേനക്ക് ജില്ലാഭരണകൂടം അനുമതി നല്‍കുന്നില്ല. സോണാര്‍ പരിശോധന നടത്തുമെന്നാണ് അവര്‍ അറിയിച്ചതെന്നും ജിതിന് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരച്ചില്‍ തുടരുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന് പ്രതികരിച്ചു.