Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഉടന്‍ ആരംഭിക്കും

02:30 PM Sep 20, 2024 IST | Online Desk
Advertisement

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഉടന്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രെഡ്ജര്‍ വെസല്‍ ദൗത്യ സ്ഥലത്തെത്തിക്കും. അധികൃതരുടെ നിര്‍ദേശം കിട്ടിയാലുടന്‍ ഡ്രഡ്ജിംഗ് തുടങ്ങും. ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാകും ഡ്രെഡ്ജിംഗ്. മൂന്ന് ദിവസത്തെ കരാരാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജര്‍ കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു.

Advertisement

ഡ്രെഡ്ജര്‍ വെസല്‍ ദൗത്യ സ്ഥലത്തിന് 200 മീറ്റര്‍ മാറി നങ്കൂരമിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഉറപ്പിക്കാനുള്ള തൂണുകള്‍ സ്ഥാപിച്ച ശേഷം പുറപ്പെടും. എത്ര ദിവസം തെരച്ചിലിന് എടുക്കുമെന്ന് നിലവില്‍ പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസം എന്തായാലും തെരച്ചില്‍ തുടരും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞത് തെരച്ചില്‍ സംഘത്തിന് ആശ്വാസമായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡ്രഡ്ജര്‍ ബോട്ട് ഉറപ്പിച്ച് നിര്‍ത്തിയാല്‍, പുഴയുടെ അടിത്തട്ടില്‍ ലോറി ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്തെ തടസ്സം നീക്കലാകും പ്രധാനപ്രവൃത്തി. നാവികസേനയുടെ നിര്‍ദേശപ്രകാരമായിരിക്കും തെരച്ചില്‍ തുടരുക. മൂന്ന് ദിവസം തെരച്ചില്‍ നടത്താനാണ് നിലവിലെ തീരുമാനമെങ്കിലും ഇത് കുറച്ച് ദിവസങ്ങള്‍ കൂടി നീണ്ട് പോകാനാണ് സാധ്യത. ജീവന്‍ രക്ഷയ്ക്കുള്ള സാഹചര്യമില്ലാത്തതിനാല്‍ അര്‍ജുനടക്കമുള്ള രണ്ട് പേര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ശ്രമമാണ് ഇനി ഷിരൂരില്‍ നടത്താനുള്ളത്.

മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ ഷിരൂരിലെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. അര്‍ജുന്റെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിക്കാനാണ് എത്തിയതെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. അധികൃതരുടെ അനുമതി ലഭിച്ചാല്‍ മുങ്ങി പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article