അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവിക സേന ഷിരൂരിലെത്തി. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും. നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
ഗംഗാവാലി നദിയുടെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ പുഴയില്‍ ഇറങ്ങിയുള്ള പരിശോധന നടന്നേക്കുമെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ഉത്തര കന്നട കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനമായത്. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം അനുസരിച്ച് ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഇന്ന് രാവിലെ 11ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് നാല് നോട്‌സില്‍ താഴെയായാല്‍ മാത്രമേ തിരച്ചില്‍ വിജയിക്കൂ. മൂന്ന് നോട്‌സ് ആണ് നാവികസേന പറയുന്ന വിജയദൗത്യ നീരൊഴുക്ക്. വിവിധ ഏജന്‍സികള്‍, ഈശ്വര്‍ മല്‍പെ എന്നിവരുടെ ഏകോപനം ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച ഡി സി യോഗം വിളിച്ചത്.
കാര്‍വാറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ലക്ഷ്മിപ്രിയ, ജില്ല പൊലീസ് മേധാവി നാരായണ്‍, നാവിക സേന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ?ങ്കെടുത്തു. ഷിരൂരില്‍ തിരച്ചില്‍ നടത്തുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്നും സാധ്യമായ എല്ലാ സംവിധാനവും ഉപയോഗപ്പെടുത്തുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.