നിയമന മാനദണ്ഡം ലംഘിച്ച് വനിതാ ഉദ്യോഗസ്ഥയെ ഡൽഹിയിൽ നിയമിച്ചതിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്തിന് പുറത്ത് ഡെപ്യൂട്ടേഷൻ നിയമനത്തിന് ജീവനക്കാരുടെ സമ്മതം ഉണ്ടായിരിക്കണമെന്ന നിയമന മാനദണ്ഡം നിലനിൽക്കേ സെക്രട്ടേറിയറ്റിലെ വനിതാ ഉദ്യോഗസ്ഥയെ ദൽഹിയിൽ നിയമിച്ച സർക്കാർ നടപടിയിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.
വനിതകളോടുള്ള സഹാനുഭൂതിയും ഐക്യദാർഢ്യവും നാഴികക്ക് നാൽപത് വട്ടം പ്രസംഗിക്കുന്ന ഇടതു അധികാരികളുടെ തനിനിറം ഇതോടെ പുറത്തു വന്നിരിക്കുന്നു. സുഷമാ ഭായിയുടെ പ്രൊമോഷൻ രണ്ടര മാസം അകാരണമായി താമസിപ്പിക്കുകയും ട്രിബ്യൂണൽ വിധി വന്നതിൻ്റെ പ്രതികാരമെന്നോണം ദ്രോഹിക്കുകയുമാണ് ചെയ്തിരിക്കുന്നത്. വനിതാപ്രതിബദ്ധതയിൽ ലവലേശമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ദൽഹിയിൽ നിയമിച്ച നടപടി സർക്കാർ അടിയന്തരമായി പിൻവലിച്ച് വനിതാ ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിനുള്ളിൽ നിയമിക്കണമെന്ന്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും ആവശ്യപ്പെട്ടു