മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; പിണറായി രാജി വെയ്ക്കണം: വി ഡി സതീശൻ
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാണെന്നും നാണം കെട്ട ആരോപണങ്ങളാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് അൻവർ. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എം.ആർ അജിത് കുമാറിനെ കൈവിടുകയായിരുന്നു മുഖ്യമന്ത്രി. പോലീസിലെ ഉന്നതർക്കെതിരെയും പി. ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.