ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
അരീക്കോട്: കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കീഴുപറമ്പ് കുനിയില്‍ ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ(12) ബുധനാഴ്ച രാത്രിയും മരിച്ചിരുന്നു. കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. രണ്ട് പേരുടെയും അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.
അവധി ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മണിക്കൂറുകളുടെ വിത്യാസത്തില്‍ ഇരുവരും വിടവാങ്ങി. ഇരുവരും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മരിച്ച അഭിനന്ദ കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി ലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും, ആര്യ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്.