Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബൈജൂസിനെതിരെ പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

02:55 PM Oct 23, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്‌പോണ്‍സര്‍ഷിപ്പ് കുടിശ്ശിക നല്‍കുന്നതില്‍ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചായിരുന്നു ട്രിബ്യൂണല്‍ നേരത്തെ പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ചത്. എന്നാല്‍, ഇതിനെതിരെ ബൈജൂസിന് വായ്പ നല്‍കിയ യു.എസ് ധനകാര്യസ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Advertisement

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ തീരുമാനം നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയായിരുന്നു നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബി.സി.സി.ഐ ബെംഗളൂരുവിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. ബി.സി.സി.ഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണല്‍ ബൈജൂസിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിടുകയും ചെയ്തു.

ഇതിന് പിന്നാലെ ബി.സി.സി.ഐയുമായി ബൈജൂസ് ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി. ബി.സി.സി.ഐക്കുള്ള കുടിശിക വീട്ടാമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് കമ്പനി ട്രിബ്യൂണല്‍ വിധിക്കുകയായിരുന്നു. ബി.സി.സി.ഐക്ക് 158 കോടി രൂപ ബൈജൂസ് കൈമാറുകയും ചെയ്തു.

ഈ നടപടി ചോദ്യംചെയ്ത് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മറ്റ് കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബി.സി.സി.ഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്റെ കാരണം നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു. ബൈജൂസില്‍ നിന്ന് ലഭിച്ച 158 കോടി രൂപ മൂന്നാംകക്ഷി അക്കൗണ്ടിലേക്ക് മാറ്റാനും (എസ്‌ക്രോ അക്കൗണ്ട്) കോടതി നിര്‍ദേശിച്ചിരുന്നു. തര്‍ക്കത്തില്‍പ്പെടുന്ന തുക, കേസിന്മേല്‍ വിധി വരുകയോ ഒത്തുതീര്‍പ്പാവുകയോ ചെയ്യുംവരെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ് എസ്‌ക്രോ അക്കൗണ്ടുകള്‍.

Tags :
news
Advertisement
Next Article