ഗുണ്ടകളുടെ ഭീഷണി; കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാണിയൂരില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര സ്വദേശി ബാബുവാണ് മരിച്ചത്. ഗുണ്ടകളുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ബാബു എഴുതിയത് എന്ന് കരുതപ്പെടുന്ന കുറിപ്പില്‍ ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവരുടെ മർദനത്തെയും ഭീഷണിയേയും തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.തിരുവാണിയൂരിനടുത്ത് കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ തീരത്തിനോട് ചേർന്നുള്ള മരത്തില്‍ ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പ്രകാരം, നാട്ടിലെ ഗുണ്ടകളായ ഹരീഷും മാണിക്യനും കുറച്ചുനാളുകള്‍ക്ക് മുന്നേ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബാബു സാക്ഷി പറയാൻ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല.വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഈ സംഭവത്തെച്ചൊല്ലി ഹരീഷും (പാപ്പി) മാണിക്യനും ബാബുവിനെ മർദിച്ചു. എന്തുകൊണ്ട് സാക്ഷി പറയാൻ എത്തിയില്ലെന്ന് ചോദിച്ചായിരുന്നു മർദനം. അന്നുതന്നെ ബാബു ഇതുമായി ബന്ധപ്പെട്ട് ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ രണ്ട് ഗുണ്ടകള്‍ക്കുമെതിരെ പരാതി നല്‍കി. ബാബുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ. തയ്യാറാക്കുകയും പ്രതികളിലൊരാളായ ഹരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, അതിനുശേഷം ഹരീഷിനെ ജാമ്യത്തില്‍ ഇറക്കുന്നതിനടക്കം ബാബുവും കൂടെയുണ്ടായിരുന്നു. ശേഷം, ഇവർ മൂവരും ഒരുമിച്ച് മദ്യപിച്ചതായും വിവരമുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവർ തന്നെ മർദിച്ചിരുന്നുവെന്നും ഇവർക്ക് അനുകൂലമായി സാക്ഷി പറയാൻ ചെല്ലാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ്. ഇക്കാര്യങ്ങളെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.
ഹരീഷിനും മാണിക്യനുമെതിരെ ഹില്‍പാലസ് പോലീസിന് നല്‍കിയ പരാതിയുടെ എഫ്.ഐ.ആറിന്റെ പുറകില്‍ എഴുതിയ നിലയിലാണ് ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.