യുഡിഎഫ് മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്ക് എതിരെ; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് യുഡിഎഫ് മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്ക് എതിരെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലത്തെ റെയ്ഡ് ദുരൂഹമാണെന്നും പരിശോധനയിൽ വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താൻ തയ്യാറാകാത്ത പോലീസ് യുഡിഎഫ് നേതാക്കളുടെ മുറിയിൽ പരിശോധന നടത്തുവാൻ തിടുക്കം കാട്ടി. അതിൽ സിപിഎം നേതാക്കൾക്ക് പരാതിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ എത്രയോ സംഘടിതമായി ആണ് ബിജെപി-സിപിഎം നേതാക്കൾ അവിടെ കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് സിപിഎമ്മും ബിജെപിയും കരുതേണ്ട. ഹോട്ടലിലേക്ക് പോകുമ്പോൾ ട്രോളി ബാഗ് കൊണ്ടുപോകുന്നതിൽ അസ്വാഭിവിക എന്താണെന്ന് രാഹുൽ ചോദിച്ചു. അതിൽ വസ്ത്രങ്ങൾ ആണ്. ആരാണ് വസ്ത്രങ്ങളുമായി ഹോട്ടലിൽ താമസിക്കാൻ വരാത്തത്. ഇതൊക്കെ ഒരു പുകമറ സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫെന്നിയ്ക്ക് എന്താണ് പ്രശ്നം. ഫെന്നി കെഎസ്‌യു സംസ്ഥാന ഭാരവാഹി ആണ്. തെരഞ്ഞെടുപ്പ് ചുമതല ഉള്ള ഒരാൾ ആണ്. അങ്ങനെ ഒരാൾ കൂടെ വരുന്നതിൽ, ബാഗ് തരുന്നതിൽ എന്താണ് പ്രശ്നമെന്നും രാഹുൽ ചോദിച്ചു.
വ്യാജ ഐഡി കാർഡ് കേസ് തന്നെ കെട്ടിച്ചമച്ചത് ആയിരുന്നു. ആദ്യ ദിവസം തന്നെ ജാമ്യം കിട്ടിയതാണെന്നും രാഹുൽ വ്യക്തമാക്കി. ഹോട്ടലിന് മുന്നിലൂടെയുള്ള വഴിയിലൂടെയാണ് പോയതും ഇറങ്ങിയതും. അങ്ങനെ അല്ലെന്ന് തെളിയിച്ചാൽ എന്റെ പ്രചാരണം നിർത്താമെന്നും രാഹുൽ വെല്ലുവിളിച്ചു. ഏഴ് ദിവസങ്ങൾ കൂടി ഉണ്ടല്ലോ. എന്തെങ്കിലും ഒക്കെ വിഷയങ്ങൾ വേണ്ടേ. അതുകൊണ്ട് ആണ് അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പെട്ടി പോലീസ് ശാസ്ത്രീയ പരിശോധന നടത്തണം. ഇന്നലെ നാടകത്തിന് പിന്നിൽ ഒരു മാധ്യമ പ്രവർത്തകന് പങ്കുണ്ട്. അത് കൃത്യമായി പറഞ്ഞത് ആണെന്നും രാഹുൽ വ്യക്തമാക്കി.