സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും ഇനി മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്, നിര്‍ണ്ണായക തീരുമാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആര്‍ടിഒ ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.
വാഹനം വാങ്ങിയാല്‍ ഉടമയുടെ മേല്‍വിലാസം ഏത് ആര്‍ടിഒയുടെ പരിധിയിലാണോ അവിടെ മാത്രം രജിസ്റ്റര്‍ ചെയ്യണമെന്നതായിരുന്നു നിലവിലെ രീതി. എന്നാല്‍ ആറ്റിങ്ങലില്‍ വാഹന രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ട ഒരു വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിനുള്ള ഉത്തരവുണ്ടായത്. കേന്ദ്ര ഗതാഗത ചട്ട പ്രകാര വാഹന രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനമായതോടെ ആര്‍ക്കും എവിടെ വേണമെങ്കിലും രജിസ്‌ട്രേഷന്‍ നടത്താമെന്ന സാഹചര്യവുമുണ്ട്.
എവിടെ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന തീരുമാനം ഇതോടെ അപേക്ഷകന്റേതായി. തിരുവനന്തപുരത്ത് നിന്നും വാങ്ങുന്ന വണ്ടിയുമായി ആലപ്പുഴയില്‍ ജോലിക്കായി പോകുന്നയാള്‍ക്ക് അവിടുത്തെ ആര്‍ടിഒ ഓഫീസ് വഴി തിരുവനന്തപുരത്ത് രജിസ്‌ട്രേഷന്‍ സാധിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ രജിസ്‌ട്രേഷനുള്ള സോഫ്റ്റുവയറില്‍ മാറ്റം വരുത്തും. ഇതിനുള്ള നടപടികള്‍ തുടങ്ങിയെന്നും ഇത് പൂര്‍ത്തിയായാല്‍ ഏത് ആര്‍ടിഒ ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനാകുമെന്നും ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കുന്നതിന് കൈമാറാന്‍ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വാടകക്ക് നല്‍കിയതായി കണക്കാക്കുമെന്നും ഗതാഗത കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സും - ലൈസന്‍സ് പുതുക്കലുമെല്ലാം ഇനി മുതല്‍ സംസ്ഥാന അടിസ്ഥാനത്തിലേക്ക് മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഒരു ആര്‍ടിഒ ഓഫീസ് പരിധിയില്‍ ലേണേഴ്‌സ് പാസാകുന്ന അപേക്ഷകന് മറ്റൊരു ആര്‍ടിഒ പരിധിയില്‍ തിരിക്കില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍, ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് അവിടെ പോയി ലൈസന്‍സ് ടെസ്റ്റിന് ഹാജരാകാന്‍ സാധിക്കുന്ന വിധം മാറ്റം വരുത്താനാണ് ആലോചന.