വീക്ഷണം പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
കൊച്ചി: വീക്ഷണം വാർഷികാഘോഷവും പുരസ്കാര വിതരണവും ഇന്ന്. എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന വാർഷിക ആഘോഷവും പുരസ്കാര വിതരണവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കർണാടക ഊർജ്ജ വകുപ്പ് മന്ത്രിയുമായ കെ ജെ ജോർജ് ഉദ്ഘടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മുഖ്യാതിഥിയാകും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ, എംഎൽഎമാരായ ടി ജെ വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, വീക്ഷണം മാനേജിംഗ് എഡിറ്റർ ശൂരനാട് രാജശേഖരൻ, വീക്ഷണം ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, അജയ് തറയിൽ, നേതാക്കളായ ദീപ്തി മേരി വർഗീസ്, ബി എ അബ്ദുൽ മുത്തലിബ്, മുഹമ്മദ് ഷിയാസ്, ഡൊമനിക് പ്രസന്റേഷൻ, മനോജ് മൂത്തേടൻ, വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി സജിത്ത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും. വീക്ഷണം മാനേജിംഗ് ഡയറക്ടർ ജയ്സൺ ജോസഫ് സ്വാഗതവും ജനറൽ മാനേജർ പ്രവീൺ വി ആർ നന്ദിയും രേഖപ്പെടുത്തുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ അനിൽ ജോർജ് അറിയിച്ചു.
ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം ഉമ്മൻചാണ്ടി സ്മാരക പുരസ്‌കാരം സിസ്റ്റർ ലിസി ചക്കാലയ്ക്കലിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ സമ്മാനിക്കും. അശരണരായ 150ലേറെ കുടുംബങ്ങൾക്കാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയര്‍ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ തണലൊരുക്കിയത്. അധ്യാപനത്തിനൊപ്പം പഠിപ്പിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നത് പതിവാക്കി. അങ്ങനെ ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടെ ദയനീയ ജീവിതസാഹചര്യം മനസ്സിലാക്കിയ സിസ്റ്റർ ‘ഹൗസ് ചാലഞ്ച്’ എന്ന പദ്ധതിക്കു രൂപം കൊടുക്കുകയായിരുന്നു. തൃശൂർ ജില്ലയിലെ മേലടൂരിൽ ജനിച്ച സിസ്റ്റർ ലിസി എഫ്എംഎം സന്യാസിനി സമൂഹാംഗമാണ്.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി പി ശ്രീധരൻ സ്മാരക പുരസ്‌കാരം ഡോ. എം ലീലാവതി ടീച്ചർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിക്കും. തൊണ്ണൂറ്റിയേഴാം വയസ്സിലേക്ക് കടക്കുന്ന എഴുത്തുകാരി ഡോ. എം ലീലാവതി സാഹിത്യ നിരൂപണം, അധ്യാപനം, ജീവചരിത്ര രചന, വിവര്‍ത്തനം, കവിത തുടങ്ങിയ എല്ലാ മേഖലകളിലും സജീവമാണ്. മലയാള സാഹിത്യത്തിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ വായനക്കാരിലേക്ക് കൂടുതല്‍ അടുപ്പിച്ചതില്‍ ടീച്ചര്‍ക്ക് വലിയ പങ്കുണ്ട്. പത്രപ്രവർത്തനരംഗത്തെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം മാധ്യമ പുരസ്‌കാരം ടെലിഗ്രാഫ് എഡിറ്റർ ഇൻലാർജ് ആർ രാജഗോപാലിന് സമ്മാനിക്കും. സംഘപരിവാറിനെതിരെ നിരന്തരം വസ്തുതാപരമായ വിമർശനങ്ങൾ നടത്തി ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഇദ്ദേഹം. മതേതര ജനാധിപത്യ നിലപാടുകളിൽ ഊന്നിയുള്ള എഴുത്തുകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്.
മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകും. ഐടി മേഖലയിലെ മികച്ച സംഭാവനയ്ക്ക് എൻ ജഹാംഗീറിനും(നെസ്റ്റ് ഗ്രൂപ്പ്) ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ മികച്ച സംഭാവനയ്ക്ക് ഷിജോ കെ തോമസിനും(ഓക്സിജൻ) ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ആന്റണി വൈദ്യനും(സൗഭദ്ര ആയുർവേദ ആശുപത്രി) പ്രവാസ വ്യവസായ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ജെബി കെ ജോണിനും കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ ജെ ജോർജ് സംരംഭക പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് പ്രവാസി ശ്രേഷ്ഠ പുരസ്കാരം വർഗീസ് പുതുകുളങ്ങരയ്ക്ക് കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ ജെ ജോർജ് സമ്മാനിക്കും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.