ഭീഷണിപ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന ആരോപണവുമായി യുവാവ്
ലഖ്‌നോ: ഭീഷണിപ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന ആരോപണവുമായി യു.പി യുവാവ്. മുസഫര്‍നഗറില്‍ നിന്നുള്ള യുവാവാണ് അനുവാദമില്ലാതെ പ്രാദേശിക ആശുപത്രി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, സ്വന്തം ആഗ്രഹപ്രകാരമാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയതെന്നാണ് യു.പി ആശുപത്രിയുടെ വിശദീകരണം.
ഓം പ്രകാശ് എന്നയാള്‍ തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ഒരു ദിവസം ഭീഷണിപ്പെടുത്തി ഇയാള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ശസ്ത്രക്രിയക്ക് വിധേയനായ 20കാരനായ യുവാവ് വെളിപ്പെടുത്തി. ജൂണ്‍ മൂന്നിനാണ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അനസ്‌തേഷ്യ നല്‍കി മയക്കികിടത്തിയതിന് ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
അനസ്‌തേഷ്യയുടെ മയക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ വിവരം അറിഞ്ഞത്. പിന്നീട് തന്നെ വിവാഹം കഴിക്കുന്നതിനായി ലഖ്‌നോവിലേക്ക് കൊണ്ടു പോവുകയാണെന്ന് ഓം പ്രകാശ് പറഞ്ഞു. ഇതിനെ എതിര്‍ത്തപ്പോള്‍ പിതാവിനെ കൊല്ലുമെന്ന് ഓംപ്രകാശ് ഭീഷണിപ്പെടുത്തി. ആശുപത്രി അധികൃതരും ഓം പ്രകാശിനൊപ്പമാണെന്നും യുവാവ് ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് യുവാവിന്റെ പിതാവിന്റെ പരാതിയില്‍ ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധവുമായി ഭാരതീയ കിസാന്‍ യുണിയന്‍ രംഗത്തെത്തി. അവയവ കച്ചവടത്തിനായി വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ആരോപിച്ചു.