കശ്മീരിലെ അപകടത്തിൽ മരിച്ച യുവാക്കൾക്ക് യാത്രാമൊഴിയേകി ജന്മനാട്
പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുലക്കുന്നകാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഒരു കൂടു ചോക്ലേറ്റും റോസ പൂവും വെച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നീതു രാഹുലിനെ യാത്രയാക്കിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. ഭാര്യ സൗമ്യ മൃതദേഹം കണ്ടപ്പോള്‍ വാവിട്ട് കരഞ്ഞത് നാടിന്റെ രോദനമായി മാറി. മരിച്ച സുധീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത് ഭാര്യ മാലിനിയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്ന കാഴ്ചക്കും സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നുമണിക്കാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറുപേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച് മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ഇതിനിടെ കശ്മീരില്‍ വാഹനപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, വിഘ്‌നേഷ്, രാഹുല്‍, സുധീഷ് എന്നിവര്‍ കശ്മീരിലെ സോജില പാസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂര്‍ സ്വദേശികള്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.