Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സർക്കാരിന്റെ ഇ- ടിക്കറ്റ് ആപ്പിനോട് മുഖംതിരിച്ച് തിയേറ്ററുകൾ; പ്രതിസന്ധിഘട്ടത്തിൽ പരീക്ഷണത്തിനില്ലെന്ന് ഫിയോക്

06:47 PM Nov 30, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: കോവിഡ് കാലത്ത് കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നൽകി പറ്റിച്ച സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇ-ടിക്കറ്റ് ആപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് സിനിമാ തിയേറ്റർ ഉടമകളുടെ സംഘടന. സിനിമാ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനായി സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി.
'എന്റെ ഷോ' വഴിയുള്ള ടിക്കറ്റ് വിതരണം ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ പണം വാങ്ങി സിനിമയുടെ പ്രചാരണത്തില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇതിനെതിരേയാണ് ഫിയോക് രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ മുന്നില്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ലെന്നും അത് തിയേറ്റററില്‍ നടപ്പക്കാന്‍ ഉദ്ദേശമില്ലെന്നും ഫിയോക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു മിഷനും കൃത്യമായി ആ ടെക്‌നോളജി ബേസില്‍ മുന്നോട്ടുപോകുന്നില്ല. തിയേറ്ററില്‍ ആളുകള്‍ വന്ന് വരിനില്‍ക്കുമ്പോള്‍ ആപ്പ് പണിമുടക്കിയാല്‍ എന്തു ചെയ്യും. ടിക്കറ്റിന്റെ സര്‍വീസിനായി ഏജന്‍സിയെ വയ്ക്കുമ്പോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം കൊടുക്കുന്നത്. അങ്ങനെയൊരു പദ്ധതിയോട് താല്‍പര്യമില്ല. അത് നടപ്പാക്കാന്‍ സമ്മതിക്കുകയില്ല. ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തിയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെ.എസ്.ആര്‍.ടി.സിയ്‌ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല.
ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ വക്കട്ടെ. ആറുമാസം പ്രവര്‍ത്തനക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ല. ഏത് ആപ്പിലൂടെ ടിക്കറ്റ് എടുക്കണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തിയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും ഫിയോക് വിമര്‍ശിച്ചു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തിയേറ്റര്‍ നടത്തുന്നത്. വൈദ്യുതി ചാര്‍ജ് കുത്തനെ കൂടുന്നു. കോവിഡ് കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പക്ഷേ ഒന്നും ചെയ്തു തന്നില്ല. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഇരുപത് മാസത്തോളം ഞങ്ങള്‍ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നു. ആരു തിരിഞ്ഞു നോക്കിയില്ല.
ടിക്കറ്റ് വിതരണം 'എന്റെ ഷോ'യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും കിട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ടിക്കറ്റിന് 25 രൂപ മുതല്‍ അധികം ഈടാക്കി വന്‍ ലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും ഈ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള പ്രധാനഘടകങ്ങളിലൊന്ന്. 18ശതമാനം ജി.എസ്.ടി.ക്കും 8.5 ശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തില്‍ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്.

Advertisement

Tags :
kerala
Advertisement
Next Article