തേങ്കുറുശ്ശി ദുരഭിമാനക്കൊല: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അനീഷിന്റെ ഭാര്യ
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഹരിത ആവശ്യപ്പെട്ടു.കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. തന്നെയും കൊല്ലുമെന്ന് പ്രതികളുമായി ബന്ധമുള്ള പരിസരവാസികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
ഈ ക്രൂരതക്ക് ഈ ശിക്ഷ പോരെന്ന് അനീഷിന്റെ മാതാപിതാക്കളും പ്രതികരിച്ചു. ഇരട്ട ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. വധശിക്ഷ തന്നെ നല്‍കണം. സ്‌നേഹിച്ച കുറ്റത്തിനാണ് തന്റെ മകനോട് ഈ ക്രൂരത കാട്ടിയതെന്നും അവര്‍ വ്യക്തമാക്കി.തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയുമാണ് പാലക്കാട് ജില്ല ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), അമ്മാവന്‍ ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു ?കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.
കോയമ്പത്തൂരില്‍ നിന്ന് വിവാഹാലോചന വന്നതി?ന്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടര്‍ന്ന് പിതാവ് പ്രഭുകുമാര്‍ കുഴല്‍മന്ദം സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് ഹരിത അറിയിച്ചു.സ്റ്റേഷനില്‍ നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാര്‍ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ പിതാവ് ആറുമുഖന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.