Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റില്‍ ഒന്നുമില്ല; രണ്ട് പദ്ധതികളുടെ വിഹിതം കുറച്ചു

03:06 PM Feb 05, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികള്‍ക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവില്ല. എന്നാല്‍, രണ്ട് പദ്ധതികളുടെ വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവും വരുത്തി.

Advertisement

പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെയും 'സാന്ത്വന' പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വര്‍ധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും 'കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്' വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തില്‍ സര്‍ക്കാര്‍ ഇത്തവണ കുറവും വരുത്തി.

ആഗോള മാന്ദ്യത്തിന്റെയും ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയവല്‍കരണത്തിന്റെയും ഫലമായി കേരളത്തിലേക്ക് തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിക്കായി 25 കോടി രൂപ മാത്രമാണ് ഇത്തവണ മാറ്റിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ അതേ തുക മാത്രമാണ്. കഴിഞ്ഞ വര്‍ഷം 25 കോടിയായിരുന്നു വകയിരുത്തിയത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോള്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ ആറ് കോടി കുറവ് വരുത്തി.

കുറഞ്ഞത് രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന മലയാളികള്‍ക്ക് 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാനുള്ള 'സാന്ത്വന' പദ്ധതിക്ക് വേണ്ടി 33 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചു. കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റിലും 33 കോടി രൂപയായിരുന്നു വകയിരുത്തിയത്.

'കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്' വഴിയുള്ള ക്ഷേമപദ്ധതികള്‍ക്കായി 13 കോടി രൂപയും ധനമന്ത്രി ഇത്തവണ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, കഴിഞ്ഞ തവണത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. കഴിഞ്ഞ തവണ ഇത് 15 കോടി രൂപയായിരുന്നു. ഇത്തവണ രണ്ട് കോടി രൂപയുടെ കുറവാണ് സര്‍ക്കാര്‍ വരുത്തിയത്.2024-25 സാമ്പത്തിക വര്‍ഷം നോര്‍ക്കയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 143.81 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

Advertisement
Next Article