തിരുവാഭരണം കാണാനില്ല : ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
ചെങ്ങമനാട്: പുതുവാശേരി ശ്രീ ശ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പറവൂര്‍ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടില്‍ 'ശ്രീഹരി'യെന്ന കെ.എസ്. സാബുവിനെയാണ് (44) മുറിയുടെ മുകളില്‍ സ്ഥാപിച്ച പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയായ സാബുകഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകക്ക് താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി സാബുവും, ഭാര്യ സരിതയും, ഏകമകന്‍ അഭിഷേകും കുഞ്ഞിതൈയിലുള്ള വീട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രി സാബു മാത്രം അടുവാശ്ശേരിയിലെ വീട്ടിലേക്ക് വരികയും, ചൊവ്വാഴ്ച പുലര്‍ച്ചെ പൂജക്ക് പോകാന്‍ വിളിച്ചുണര്‍ത്തണമെന്ന് മകനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ അഭിഷേക് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. തുടര്‍ന്ന് 5.30ഓടെ അഭിഷേക് സുഹൃത്തിനൊപ്പം ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴാണ് ഓഫീസിനോട് ചേര്‍ന്ന പൂജാരിമാര്‍ വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാര്‍ത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്. മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോള്‍ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു. ഒന്നരയാഴ്ച മുമ്പായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം ലോക്കറില്‍ സൂക്ഷിക്കാന്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലത്രെ.
ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേല്‍പ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം. ഉത്സവവുമായി ബന്ധപ്പെട്ട് പുറമെ നിന്ന് പ്രത്യേക പൂജക്കെത്തിയ പൂജാരിക്ക് ദേവിയെ ചാര്‍ത്തിയ തിരുവാഭരണത്തില്‍ നിറം മങ്ങിയത് ശ്രദ്ധയില്‍പ്പെടുകയും, അക്കാര്യം കമ്മിറ്റിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരാഴ്ചയോളമായി തിരുവാഭരണം തിരിച്ചുവാങ്ങാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പെട്ടിയുടെ താക്കോലും സാബുവിന്റെ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. സാബു കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതിമാസം 10,000 രൂപയായിരുന്നു ശമ്പളം. എന്നാല്‍ ശമ്പള ഇനത്തില്‍ 1.40ലക്ഷത്തിലേറെ കുടിശികയുണ്ടായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്നായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.