ഹൈക്കോടതി മാർഗരേഖ പ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ: ഹൈക്കോടതിയുടെ പുതിയ മാർഗരേഖ പ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"36 മണിക്കൂർ നീണ്ട് നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസില്‍ തിരുവമ്പാടി കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ട് ആനകള്‍ക്കിടയില്‍ മൂന്ന് മീറ്റർ ദൂരം വേണമെന്നാണ് ഹൈക്കോടതി മാർഗരേഖയില്‍ പറയുന്നത്. 15 ആന നില്‍ക്കുമ്ബോള്‍ 45 മീറ്റർ ആകും. തെക്കോട്ടിറക്കം എന്നല്ല ഒരു പൂരവും നടത്താനാവില്ല. മഠത്തില്‍ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്റർ ആണ്. അങ്ങനെ ആയാല്‍ തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകും. ആനകളെ സംരക്ഷിക്കേണ്ടതൊക്കെ ആവശ്യം തന്നെ. പക്ഷേ ആചാരങ്ങളൊന്നും നടക്കേണ്ട എന്ന തലത്തിലേക്ക് പോകാൻ പാടില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കും"- ഗിരീഷ് പറഞ്ഞു.
അതേസമയം ഹൈക്കോടതി നിർദേശങ്ങളിൽ സമാന അഭിപ്രായമാണ് പാറമേക്കാവിനും. പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത് തന്നെ ആനകളില്‍ നിന്നാണെന്നാണ് പാറമേക്കാവ് ദേവസ്വം നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയത്. ദേവസ്വങ്ങളെ കൂടാതെ പൂരം പ്രേമി സംഘവും മാർഗരേഖയില്‍ എതിർപ്പുമായി രംഗത്തുണ്ട്.