''ഇത് നമ്മളെ പരിപാടിയാണ് ട്ടോ...'' മര്‍ദ്ദിച്ച ഡിവൈഎഫ്ഐക്കാരെ തലോടി എഎസ്ഐ!
കോഴിക്കോട്: ''ഇങ്ങള് അലമ്പാക്കരുത്, ഇത് നമ്മളെ പരിപാടിയാണ് ട്ടോ...'' യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹെല്‍മറ്റും പട്ടികയും ഉപയോഗിച്ച് മര്‍ദ്ദിച്ച ഡിവൈഎഫ്ഐ അക്രമികളോട് പൊലീസ് ഉദ്യോഗസ്ഥന്റെ സാരോപദേശം! കുന്ദമംഗലം എഎസ്ഐ ബാബുരാജനാണ് അക്രമികളെ തലോടി യാത്രയാക്കിയത്. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ സംഘം ഹെല്‍മറ്റും പട്ടികയും ഉപയോഗിച്ച് അക്രമിച്ചിരുന്നു. ഈ അക്രമത്തിന് സാക്ഷികളായ പൊലീസാണ് മര്‍ദ്ദിച്ചവരെ സമാധാനിപ്പിച്ച് അയച്ചത്. 'നമ്മളെ പരിപാടിയല്ലേ' എന്ന പാര്‍ട്ടിക്കൂറും എഎസ്ഐയുടെ വാക്കുകളിലുണ്ടായിരുന്നു. എഎസ്ഐയുടെ സാരോപദേശ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തി. അതേസമയം മര്‍ദ്ദനമേറ്റ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ടി അസീസ് മാവൂര്‍, ഗുരുവായൂരപ്പന് കോളേജ് കെഎസ്യു ഭാരവാഹി മുഹമ്മദ് യാസിന് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.