തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണം : തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം
കോട്ടയം: കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിൻ്റെ നിർദേശം. കോട്ടയം വിജയപുരം പഞ്ചായത്തിലാണ് സംഭവം. ജോലിക്ക് കയറിയതിനു ശേഷം ചാഴിക്കാടൻ്റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു മേറ്റിന്റെ നിർദേശം.
ഇന്നലെ വൈകിട്ടായിരുന്നു വിജയപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മേറ്റിൻ്റെ സന്ദേശം എത്തിയത്. തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിയിൽ നിർബന്ധമായും എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്ന് മേറ്റ് ജ്യോതിയുടെ നിർദേശം പുറത്തായതോടെയാണ് സംഭവം വിവാദമായത്.
വിജയപുരം പഞ്ചായത്തിലെ ഇടത് പഞ്ചായത്ത് അംഗമായ ബിജുവാണ് ജ്യോതിക്ക് ഇത്തരത്തിലൊരു നിർദേശം നൽകിയതെന്നും ബിജു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രൂപ്പിൽ ജ്യോതി സന്ദേശം അയച്ചതെന്നുമാണ്
ജോലിയിൽ പ്രവേശിച്ചതിന് ശേഷം തോമസ് ചാഴിക്കാടന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ആയിരുന്നു നിർദേശം. പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഉച്ചകഴിഞ്ഞ് ജോലി ചെയ്താൽ മതി എന്നായിരുന്നു പറഞ്ഞിരുന്നത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ്. അതേസമയം തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വത്കരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ആരോപിച്ചു.