കീമിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓൺലൈനിൽ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം.
കീം 2024 മുഖേന എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധകോഴ്‌സുകൾക്ക് ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. നാറ്റാ പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്‌സിനും, നീറ്റ് യുജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഇതിന് സൗകര്യം ലഭിക്കും. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും.