പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
ജറുസലേം: പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. സ്പെയ്ന്‍, അയര്‍ലൻഡ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് പാലസ്തീന് അനുകൂലമായ നിലപാടെടുത്തത്. ഈ മാസം 28 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. പാലസ്തീന്- ഇസ്രയേല്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇത് പാലസ്തീന് നേട്ടമാണ്. ഇത് ഇസ്രയേലിനെതിരായ നീക്കമല്ലെന്നും സമാധാനത്തിന് വേണ്ടിയുള്ള തീരുമാനമാണെന്നുമാണ് സ്പെയിനിന്റെ വിശദീകരണം.
എന്നാല്‍ ഇതിനെതിരേ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ട് ഇസ്രയേല്‍ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ അയര്‍ലന്‍ഡിലെയും നോര്‍വേയിലെയും നയതന്ത്ര പ്രതിനിധികളെ ഇസ്രയേല്‍ തിരിച്ചുവിളിച്ചു. സ്പെയിനിലെ നയതന്ത്ര പ്രതിനിധികളെ ഉടന്‍ തിരിച്ചുവിളിക്കുമെന്നാണ് വിവരം. യുഎന്‍ രക്ഷാകൗണ്‍സില്‍ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളാണ് പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാന്‍ തയാറാകാത്തത്. ഐക്യരാഷ്ടസഭയില് അംഗങ്ങളായ 193 രാജ്യങ്ങളില്‍ 140 രാജ്യങ്ങള്‍ മാത്രമാണ് പാലസ്തീനെ നിലവില്‍ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുള്ളത്.