പോളിടെക്നിക് പഠനം: ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സുകളും സാധ്യതകളും
എൻ വി ജിതേഷ്
ഗവ. പോളിടെക്നിക്, പാലക്കാട്
കേരളത്തിലെ സർക്കാർ മേഖലയിലും സ്വാശ്രയ മേഖലയിലും ആയി പ്രവർത്തിക്കുന്ന നൂറിലധികം പോളിടെക്നിക്കുകളിലെ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സിലേക്ക് ഒന്നാംവർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 29 വരെയും, 2/ITI/VHSC പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 26 വരെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/പ്ലസ്ടു കോഴ്സുകൾ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാ ഭ്യാസം സ്വായത്തമാക്കാനും പെട്ടെന്നുതന്നെ അവരെ ഒരു ജോലിക്ക് പ്രാപ്തരാക്കാനും സഹായിക്കുന്ന കോ ഴ്സുകളാണ് കേരളത്തിലെ പോളിടെക്നിക്കുകളിൽ നടത്തുന്ന ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ. വിദ്യാർത്ഥികളുടെ താൽപര്യം, തൊഴിൽ മേഖലയിലെ സാധ്യതകൾ, സീറ്റുകളുടെ ലഭ്യത എന്നീ ഘടകങ്ങൾ അനുസരിച്ച് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
സൂപ്പർവൈസറി തലത്തിലുള്ള വൈദഗ്ധ്യം പ്രദാനംചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സിലബസും പഠന പ്രവർത്തനങ്ങളും ആണ് എൻജി. ഡിപ്ലോമ കോഴ്സുകൾക്ക് തയാറാക്കിയിട്ടുള്ളത്. തിയറി പേപ്പറുകൾ ക്ക് ഒപ്പം പ്രായോഗിക പരിജ്ഞാനത്തിനു വേണ്ടിയുള്ള പ്രാക്ടിക്കൽ വർക്ക്ഷോപ്പുകളും ലാബുകളും പ്രൊജക്ട് വർക്കുകളും സെമിനാറുകളും കൂടാതെ നിർബന്ധമായുള്ള ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പും ഉൾപ്പെടുന്ന കരിക്കുലം ആറ് സെമസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്നു. ഗ്രേഡിങ് സമ്പ്രദായം ആണ് മൂല്യനിർണയത്തിൽ അനു വർത്തിച്ചുവരുന്നത്. സി.ജി.പി.എ അനുസരിച്ച് ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ഷൻ, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് മുതലായവ രേഖപ്പെടുത്തിയ എൻജി. ഡിപ്ലോമ സർട്ടിഫിക്കറ്റുകളാണ് വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുക.
കോഴ്സുകൾ…
പരമ്പരാഗത എൻജി. ബ്രാഞ്ചുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയവക്ക് പുറമെ
കമ്പ്യൂട്ടർ,
ആർക്കിടെക്ചർ, ബയോമെഡിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മെഡിക്കൽ ഇലക്ട്രോണിക്സ്, പോളിമർ ടെക്നോളജി, പ്രിന്റിങ് ടെക്നോളജി, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ് ഡാറ്റ, സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, റിന്യൂവബിൾ എനർജി, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, എൻവിയോൺമെൻറ്ൽ എൻജിനീയറിങ് എന്നീ
നൂതന ബ്രാഞ്ചുകളും ഉൾപ്പെടെ 37 വ്യത്യസ്ത ഡിപ്ലോമ പ്രോഗ്രാമുകളാണ് ഉള്ളത്.
- ഇലക്ട്രോണിക്സ്
- ആർക്കിടെക്ചർ
- ഓട്ടോമൊബൈൽ
- ബയോ മെഡിക്കൽ
- കെമിക്കൽ
- സിവിൽ
- മെക്കാനിക്കൽ
- കമേഴ്സ്യൽ പ്രാക്ടിസ്
- കമ്പ്യൂട്ടർ എൻജിനീയറിങ്
- കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്
- ഇൻഫർമേഷൻ ടെക്നോളജി
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
- ഇൻസ്ട്രുമെന്റേറഷൻ എൻജിനീയറിങ്
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
- മാനുഫാക്ചറിങ് ടെക്നോളജി
- പോളിമർ ടെക്നോളജി 18. പ്രിൻറിങ് ടെക്നോളജി
- ടൂൾ ആൻഡ് ഡൈ
- ടെക്സ്റ്റൈൽ ടെക്നോളജി
- വുഡ് ആൻഡ് പേപ്പർ ടെക്നോളജി
- ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ് ഡാറ്റ
- സൈബർ ഫോറൻസിസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി
- റിന്യൂവബിൾ എനർജി
- റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ
- കമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്
- ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്
- ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്
- സിവിൽ ആൻഡ് എൻവിയോൺമെൻറൽ എൻജിനീയറിങ്
- സിവിൽ ആൻഡ് റൂറൽ എൻജിനീയറിങ്
- ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ
- ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി
- എൻവിയോൺമെൻറ്ൽ എൻജിനീയറിങ്
- സിവിൽ എഞ്ചിനീയറിങ് ആൻഡ് പ്ലാനിങ്
- മെക്കാട്രോണിക്സ്
- ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
- ഫുഡ് പ്രോസസിങ് ടെക്നോളജി
പ്രവേശനം…..
എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സിയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് ഒന്നാംവർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി നിർദേശങ്ങൾക്ക് അനുസരിച്ച് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ സമർപ്പണത്തിനുശേഷം വെബ്സൈറ്റിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരം അഡ്മിഷൻ പ്രക്രി യ നടത്തുന്നതുമാണ്. രണ്ട് ഘട്ടങ്ങളായുള്ള അലോട്ട്മെന്റിനുശേഷം ബാക്കിയാകുന്ന സീറ്റുകളിലേക്ക് ചാൻസ് ഇന്റർവ്യൂ വഴി പ്രവേശനം നടത്തും. അപേക്ഷ സമർപ്പണത്തിനുശേഷം അഡ്മിഷൻ പോർട്ടൽ ആയ www.polyadmission.org ഇടക്കിടെ പരിശോധിക്കുന്നത് വിശദാംശങ്ങൾ അറിയാൻ സഹായിക്കും.
പ്രവേശനത്തിനായി ഇൻഡക്സ് മാർക്കിനോടൊപ്പം സംവരണ മാനദണ്ഡങ്ങളും പാലിച്ചാണ് അലോട്ട്മെന്റ് ലിസ്റ്റ് തയാറാക്കുന്നത്. കൂടാതെ ടി.എച്ച്.എസ്.എൽ.സി, ഐ. ടി.ഐ, വി.എച്ച്.എസ്.സി കോഴ്സുകൾ കഴിഞ്ഞവർക്കും എൻ.സി.സി, കായിക പ്രതിഭകൾ തുടങ്ങിയവർക്ക് വ്യത്യ സ്ത ക്വോട്ടകളും പ്രവേശനത്തിനായി നീക്കിവെച്ചിട്ടുണ്ട്.
ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക്
നേരിട്ടുള്ള പ്രവേശനം…..
രണ്ടാംവർഷ ഡിപ്ലോമ കോഴ്സിന്റെ (സെമസ്റ്റർ-3) പത്ത് ശതമാനം സീറ്റുകളിലേക്കും കൂടെ മൂന്നാം സെമസ്റ്ററിൽ ഒഴിവുവന്ന സീറ്റുകളിലേക്കും ഉൾപ്പെടെ നേരിട്ട് അഡ്മി ഷൻ നൽകുന്ന സമ്പ്രദായമാണ് ലാറ്ററൽ എൻട്രി പ്രവേശനം. പ്ലസ് ടു/വി.എച്ച്.എസ്.സി (സയൻസ് ഗ്രൂപ്പ്)/ഐ.ടി .ഐ/കെ.ജി.സി.ഇ (രണ്ട് വർഷം) പാസായ വിദ്യാർഥികളെ യാണ് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പരിഗണിക്കുന്നത്. ഇതിൽ ഓരോ വിഭാഗത്തിനുമായി നിശ്ചിത ശതമാനം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.
ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ഒന്നാംവർഷത്തെ എൻജിനീയറിങ് ഗ്രാഫിക്സ്, ജനറൽ വർക് ഷോപ്, ജനറൽ ലാബ് എന്നീ വിഷയങ്ങൾ മാ ത്രം രണ്ടാം വർഷത്തിന്റെ കൂടെ പഠിച്ചാൽ മതിയാകും. മറ്റു വിഷയങ്ങളിൽ ഇവർക്ക് ഇളവ് നൽകിയിട്ടുണ്ട്. ലാറ്ററൽ എൻട്രി അഡ്മിഷന് ഉള്ള അപേക്ഷ ജൂൺ 26 വരെ www.polyadmission.org/let എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകാവുന്നതാണ്. ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടുവർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാനുള്ള അവ സരം ലഭിക്കുന്നു.
കേരളത്തിലെ പോളിടെക്നിക്കുകളും സീറ്റുകളും…….
സർക്കാർ/എയ്ഡഡ് 50 എണ്ണം (12280 സീറ്റുകൾ)
IHRD 8 എണ്ണം ( 2210 സീറ്റുകൾ)
CAPE 4 എണ്ണം (600 സീറ്റുകൾ)
KELTRAC 1 എണ്ണം ( 30 സീറ്റുകൾ)
സ്വാശ്രയം 40 എണ്ണം ( 6085 സീറ്റുകൾ)
ആകെ 105 എണ്ണം (21205 സീറ്റുകൾ)
AICTE അംഗീകാരം……
എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ച കോഴ്സുകൾ മാത്രമേ സ്ഥാപനങ്ങൾക്ക് നടത്താൻ അനുവാദം ലഭിക്കുകയുള്ളൂ. സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം, സ്റ്റാഫ് പാറ്റേൺ എന്നിവയുടെ നിലവാരം എ.ഐ.സി.ടി.ഇ ഉറപ്പുവരുത്തുകയും അതുവഴി ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.
എൻ.ബി.എ അംഗീകാരം….
പോളിടെക്നിക് കോഴ്സുകൾക്ക് ലോകോത്തര നിലവാരവും അംഗീകാരവും ഉറപ്പുവരുത്തുന്ന സംവിധാനങ്ങളിൽ ഒന്നാണ് എൻ.ബി.എ അക്രഡിറ്റേഷൻ. കേരളത്തിലെ മുഴുവൻ സർക്കാർ പോളിടെക്നിക്കുകൾ ഉൾപ്പെടെ എൻ.ബി.എ അക്രഡിറ്റേഷൻ കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. തൃശൂർ ഗവ. വനിത പോളിടെക്നിക്, പാലക്കാട് ഗവ. പോളിടെക്നിക്, പെരുമ്പാവൂർ ഗവ. പോളിടെക്നിക്, കളമശ്ശേരി ഗവൺമെൻറ് പോളിടെക്നിക്, കോഴിക്കോട് കേരള ഗവൺമെൻറ് പോളിടെക്നിക്, പാലാ ഗവൺമെൻറ് പോളിടെക്നിക്, മലപ്പുറം കെഎംസിടി പോളിടെക്നിക് എന്നീ സ്ഥാപനങ്ങൾ നിലവിൽ എൻ.ബി.എ അക്രഡിറ്റേഷൻ ഇതിനോടകം തന്നെ സ്വായത്തമാക്കിയിട്ടുണ്ട്. ചില വിദേശ സ്ഥാപനങ്ങൾ എൻ.ബി.എ അക്രഡിറ്റഡ് കോഴ്സുകൾ പഠിച്ചവരെ മാത്രമേ തൊഴിലിനായി പരിഗണിക്കുന്നുള്ളൂ. അതിനാൽ എൻബിഎ അക്രെഡിറ്റേഷൻ ഉള്ള കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ തൊഴിൽ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നു.
എൻബിഎ അക്രഡിറ്റേഷൻ പ്രക്രിയ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും പഠന പ്രവർത്തനങ്ങളും കൃത്യവും കർശനവുമായ സ്റ്റാൻഡേർഡ്സേഷന് വിധേയമാക്കുന്നു. ഇതുവഴി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് മികച്ച പ്രായോഗിക പരിശീലനവും നല്ല സ്ഥാപനങ്ങളിൽ വേഗത്തിൽ തൊഴിൽ ലഭിക്കാനും ഉള്ള സാഹചര്യം സംജാതമാകുന്നു.
തൊഴിൽ സാധ്യതകൾ……
സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഡിപ്ലോമ കഴിഞ്ഞവർക്ക് നിരവധി തൊഴിൽ അവസരങ്ങളുണ്ട്. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, ഇന്ത്യൻ റെയിൽവേ, വിവിധ ഇലക്ട്രിസിറ്റി ബോർ ഡുകൾ, ബി.എസ്.എൻ.എൽ, ന്യൂക്ലിയർ റിയാക്ടറുകൾ, ഡി.എം.ആർ.സി, മറ്റു ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ബോർഡുകൾ, വിവിധ കോർപറേഷനുകൾ എന്നിവയിലെല്ലാം തൊഴിൽ സാധ്യതകളുണ്ട്.
പോളിടെക്നിക്കുകളിൽ പ്രമുഖ സ്ഥാപനങ്ങളുടെ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി വിദ്യാർഥികൾക്ക് നല്ല പോസ്റ്റുകളിൽ ജോലിചെയ്യാനുള്ള സുവർണാവസരം ലഭിക്കുന്നു.
എൽ ആൻഡ് ടി, എച്ച്.സി .എൽ, ടി.സി.എസ്, എം.ആർ. എഫ്, ടി.വി.എസ്, ടെക് മഹീന്ദ്ര, നോക്കിയ, വി.കെ.സി, ടാറ്റ എലക്സി തുടങ്ങി നിരവധി കമ്പനികൾ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തിവരുന്നു.
പോളിടെക്നിക്കുക ളിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെൽ വിദ്യാർത്ഥികൾക്ക് ഇതിനാവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകുന്നു.
സംരംഭകത്വവും നൂതന ആശയങ്ങളും വളർത്തുവാനും വിദ്യാർഥികൾക്ക് പരിശീലനവും അവസരവും നൽകുവാൻ വേണ്ടി ഐ.ഇ.ഡി.സി. പോളിടെക്നിക്കുകളിൽ പ്രവർത്തിക്കുന്നു. കലാ-കായിക രംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാനും അംഗീകാരങ്ങൾ നേടാനും അനുയോജ്യമാംവിധം സംസ്ഥാന തല ത്തിൽ മത്സരങ്ങൾ നടത്തുന്നു.
വിദ്യാർഥികളുടെ ജനാധിപത്യ വേദികളായി പോളിടെക്നിക് വിദ്യാർത്ഥി യൂനിയനും, സംസ്ഥാന പോളിടെക്നിക് യൂനിയനും സർഗാത്മകമായി പ്രവർത്തിക്കുന്നു.
എൻ.സി.സി, നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) എന്നിവയും പോളിടെക്നിക്കുകളിൽ സജീവമാണ്.
ഉപരിപഠന സാധ്യതകൾ……
ഡിപ്ലോമ പാസായ വിദ്യാർത്ഥികൾക്ക് എൻജിനീയറിങ് ബിരുദം (ബി.ടെക്/ബി.ഇ) നേടാൻ LET എൻട്രൻസ് വഴി ബി.ടെക്കിന്റെ രണ്ടാം വർഷത്തിലേക്ക്(മൂന്നാം സെമസ്റ്റർ) നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. LET പരീക്ഷ സാധാരണയായി ഡിപ്ലോമ അവസാന സെമസ്റ്റർ പരീക്ഷക്ക് ശേഷം നടക്കുകയും അതിലെ റാങ്കനുസരിച്ച് വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ലഭിക്കുകയും ചെയ്യുന്നു.
ബി.എസ്.സി, ബി.സി.എ, ബി.കോം കോ ഴ്സുകൾക്ക് ഡിപ്ലോമ കഴിഞ്ഞവർക്ക് പഠി ക്കാനുള്ള അവസരവുമുണ്ട്. ചില സർവക ലാശാലകൾ ഡിപ്ലോമ കഴിഞ്ഞവർക്ക് രണ്ടാം വർഷം ഈ ഡിഗ്രി കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം നൽകി വരുന്നുമുണ്ട്. ജോലിയുള്ള ഡിപ്ലോമക്കാർക്ക് പാർട്ട്ടൈം ബി.ടെക്കിന് (സായാഹ്ന കോഴ്സുകളിൽ) പഠിക്കാനുള്ള അവസരവുമുണ്ട്.
സായാഹ്ന ഡിപ്ലോമ കോഴ്സുകൾ……
റെഗുലർ ഡിപ്ലോമക്ക് പഠിക്കാൻ സാധിക്കാതെ വരുന്ന ജോലിയുള്ളവർക്ക് സായാഹ്ന ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടാം. സായാഹ്ന കോഴ്സുകൾ നടത്തുന്നതിന് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ച പത്ത് പോളിടെക്നിക്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് അഞ്ചുമുതൽ ഒൻപത് വരെ ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നു. ഇതിന് പ്രത്യേ ക അപേക്ഷ സമർപ്പണവും പ്രവേശന നടപ ടികളുമാണുള്ളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ തുടങ്ങിയ ബ്രാഞ്ചുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസവും അതുവഴി ജോലി സാധ്യതയും, ഉപരിപഠനവും പ്രദാനം ചെയ്യുന്ന പോളിടെക്നിക്കുകൾക്ക് കേരളത്തിൻെറ സാമൂഹിക പുരോഗതിയിൽ നിർണായകമായ ഒരു സ്ഥാനം ഉണ്ടെന്ന് നിസംശയം പറയാം.