തൃശ്ശൂര്‍ പൂരം കലക്കല്‍: അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി. ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെയായിരിക്കും ചര്‍ച്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
എന്നാല്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ആദ്യമായാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത്. പി.ആര്‍. വിവാദവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനാണ് ആദ്യം അനുമതി നല്‍കിയത്. എ.ഡി.ജി.പി. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയിലായിരുന്നു ചൊവ്വാഴ്ച ചര്‍ച്ച. ചര്‍ച്ചയ്ക്കുശേഷം പ്രമേയം സഭ തള്ളി.