തൃശൂർ പൂരം കലക്കി: ഇനി വെടിക്കെട്ടിൽ പിടിക്കാൻ സർക്കാർ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് പാർലമെന്റിലേക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയതന്ത്രത്തിനെതിരെ വ്യാപക ആരോപണങ്ങൾ ഉയരുന്നതിനിടെ, കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന മന്ത്രിസഭാ യോഗം. ഈ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഇന്നലെ ചേർന്ന മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും തീരുമാനമായെന്ന് മന്ത്രിസഭാ യോഗത്തിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്‌കരണ പ്ലാന്റകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്കു അനുമതി നല്‍കിയ മാതൃകയിലാവും ഇതെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.