കാലം സാക്ഷി, ചരിത്രം സാക്ഷി; കെ എസ് യു സ്ഥാപക പ്രസിഡന്റുമായുള്ള സംഭാഷണം വായിക്കാം
കെഎസ്‌യു സ്ഥാപക പ്രസിഡന്റ് ജോർജ് തരകൻ വീക്ഷണം പ്രതിനിധി ആദർശ് മുക്കടയുമായി നടത്തിയ സംഭാഷണം
ഒരു വിദ്യാർഥി മുന്നേറ്റം അനിവാര്യം
മുൻകൂട്ടി തീരുമാനിച്ച പ്രകാരമൊന്നും ആയിരുന്നില്ല കേരള വിദ്യാർത്ഥി യൂണിയൻ രാഷ്ട്രീയ കേരളത്തിലേക്ക് പിറവികൊണ്ടത്. മുൻകൂട്ടിയുള്ള ആസൂത്രണമോ നേതാക്കളുടെ അനുവാദമോ ഒന്നും തന്നെ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. 1957 ഏപ്രിൽ അഞ്ചിന് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുത്തതിന് പിന്നാലെ എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഞങ്ങൾ ചില വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. അവിടെ നിന്നും തിരികെ കോളേജ് ഹോസ്റ്റലിലേക്കുള്ള മടക്കത്തിൽ ആയിരുന്നു ഒരു വിദ്യാർത്ഥി സംഘടന രൂപീകരിക്കണമെന്ന ചിന്ത ഉടലെടുക്കുന്നത്. കോൺഗ്രസിന്റെ പോഷക സംഘടന ആകണമെന്നില്ലെങ്കിലും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയായിരുന്നു ആത്യന്തികമായ ലക്ഷ്യം. അതിന് ശക്തമായ ഒരു വിദ്യാർത്ഥി മുന്നേറ്റം അനിവാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. അന്നുതന്നെ ഹോസ്റ്റലിൽ എത്തിയശേഷം കോൺഗ്രസ് അനുഭാവികളായ വിദ്യാർത്ഥികൾ ഒരു മുറിയിൽ ഒത്തുകൂടി വീണ്ടും ചർച്ച ചെയ്തു. ഏറ്റവും ഒടുവിൽ കോൺഗ്രസ് അനുഭാവമുള്ള ഒരു സംഘടന രൂപീകരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തി. എറണാകുളം നിയമകലാലയത്തിന്റെ ഹോസ്റ്റൽ മുറിയായിരുന്നു ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ലോ കോളേജിൽ പഠിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇവിടം കേന്ദ്രീകരിച്ച് ഒരു സംഘടനയ്ക്ക് തുടക്കം കുറിച്ചാൽ അതിന് എല്ലായിടത്തും വേരുകൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള എ ഡി രാജനും കൊല്ലത്തുനിന്നുള്ള എ എ സമദും തൃശ്ശൂരിൽ നിന്നുള്ള പി എ ആന്റണിയും സമദിന്റെ ബന്ധു സുബൈറും ആയിരുന്നു അന്നത്തെ യോഗത്തിൽ ഉണ്ടായിരുന്നത്. കൊല്ലത്തെ സമദിന്റെ വീട്ടിൽ വെച്ച് തുടർ ആലോചനകൾക്കായി യോഗം കൂടുവാനും അന്ന് തീരുമാനിച്ചു. ഇതേ സമയത്താണ് കൊല്ലം എസ് എൻ കോളേജിൽ സി കെ തങ്കപ്പത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാൻ ആലോചന നടക്കുന്നത്. അവരുമായി സംസാരിക്കുവാനും ധാരണയുണ്ടായി. കൊല്ലത്തെ സമദിന്റെ വീട്ടിൽ വെച്ചാണ് സംഘടനയുടെ ഭരണഘടന കരട് തയ്യാറാക്കുന്നത്. 'ദീപശിഖാങ്കിത നീല പതാക' സംഘടനയുടെ പതാകയായി തീരുമാനിച്ചതും കൊല്ലത്ത് വെച്ചായിരുന്നു. അടുത്തദിവസം ചേർന്ന യോഗത്തിൽ പതാകയും ഭരണഘടനയും അംഗീകരിക്കപ്പെട്ടു. ആദ്യ പ്രസിഡന്റായി എന്നെയും ജനറൽ സെക്രട്ടറിയായി പിഎ ആന്റണിയെയും ട്രഷററായി എ എ സമദിനെയും തെരഞ്ഞെടുത്തു.
കെഎസ്‌യുവിന്റെ പിറവി
കൊല്ലത്തുനിന്ന് ഞങ്ങൾ കുറെ അധികം തീരുമാനങ്ങളുമായി തിരികെ എറണാകുളത്ത് എത്തി. ഇതിനിടയിലാണ് ആലപ്പുഴ എസ് ഡി കോളേജ് കേന്ദ്രീകരിച്ച് വയലാർ രവിയുടെ നേതൃത്വത്തിൽ ഐ എസ് യു രൂപീകരിക്കുന്നത്. എനിക്ക് ഏറെ അടുപ്പമുള്ള ആലപ്പുഴയിലെ ഐഎൻടിയുസി നേതാവ് കെ സി ഈപ്പൻ വഴി വയലാർ രവിയുമായി സംസാരിച്ചു. രണ്ട് കൂട്ടരും സഹകരിച്ച് മുന്നോട്ടു പോകണമെന്ന ഈപ്പന്റെ നിർദ്ദേശപ്രകാരം വയലാർ രവി നേരിട്ടെത്തി സംസാരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിരുന്നു 1957 മെയ് 30 ലെ യോഗം. ആലപ്പുഴയിലെ നാഷണൽ ട്യൂട്ടോറിയൽ കോളേജിൽ ആയിരുന്നു യോഗം. ഐഎസ് യു - കെ എസ് യു നേതാക്കൾ പരസ്പരം സംസാരിച്ചു. അവിടെനിന്നും കെഎസ്‌യു എന്ന പേരും ദീപശിഖാങ്കിതമായ നീലപതാകയും പുതിയ സംഘടനയ്ക്കായി സ്വീകരിക്കപ്പെട്ടു. കോൺഗ്രസിനോട് ആഭിമുഖ്യവും, അതേസമയം സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന സംഘടനയായി മുന്നോട്ടു പോകുവാൻ ആയിരുന്നു അന്നത്തെ ആലപ്പുഴയിലെ യോഗം തീരുമാനിച്ചത്. ജോർജ് തരകൻ തന്നെ ആദ്യ പ്രസിഡന്റ് ആയി തുടരുകയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വയലാർ രവി എത്തുകയും ചെയ്തു. തുടർന്ന് പല പ്രദേശങ്ങളിലും സംഘടനയ്ക്ക് വേരുകൾ സൃഷ്ടിക്കുവാൻ ഉള്ള നെട്ടോട്ടമായിരുന്നു.
ആദ്യ വാർഷിക സമ്മേളനം കൊല്ലത്തായിരുന്നു. വലിയ രീതിയിലുള്ള സമ്മേളനം അല്ലായിരുന്നുവെങ്കിലും അന്നത്തെ കേന്ദ്രമന്ത്രി എ എം തോമസ് ആയിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത്. രണ്ടാം സമ്മേളനം എറണാകുളം തേവര കോളേജിൽ വിപുലമായി നടന്നു. അന്നത്തെ തമിഴ്നാട് മന്ത്രി ആർ വെങ്കിട്ടരാമനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇവിടെ വെച്ചാണ് സംഘടനയ്ക്ക് ഉണർവ് നൽകുവാൻ ക്യാമ്പുകൾ ഉണ്ടാകണമെന്ന നിർദ്ദേശം ഉയർന്ന് വരുന്നത്. അപ്പോഴേക്കും നേതൃത്വത്തിൽ എം എ ജോൺ, എസി ജോസ്, തലശ്ശേരിയിലെ കുഞ്ഞനന്തൻ നായർ എന്നിവർ എത്തിയിരുന്നു. ആദ്യ ക്യാമ്പ് നടക്കുന്നത് കുറവിലങ്ങാട് ആണ്. ഇരുനൂറോളം പ്രതിനിധികൾ ആദ്യ ക്യാമ്പിൽ പങ്കെടുത്തു.
ജീവനേകിയ 'വിമോചന സമരം'
കെ എസ് യു ശക്തി പ്രാപിച്ചു വരുന്ന സമയത്തായിരുന്നു വിമോചന സമരത്തിന്റെ തുടക്കം. സമരത്തിന്റെ ഭാഗമാകണമോ എന്ന ചർച്ച സംഘടനയ്ക്കുള്ളിൽ ഉണ്ടായി. സമരം ശക്തമായതോടെ വിദ്യാർത്ഥികളും സമരമുഖത്തേക്ക് എത്തേണ്ടതായി വന്നു. അതോടെ വിമോചന സമരത്തിന് കെഎസ്‌യു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കെ എസ് യു ശക്തമായ വിദ്യാർത്ഥി മുന്നേറ്റമായി മാറുകയായിരുന്നു. പിന്നീട് കെഎസ്‌യു നേതൃത്വങ്ങളിൽ പല മുഖങ്ങളും മാറി മാറി വന്നു. എ സി ജോസും, എ കെ ആന്റണിയും ഉമ്മൻചാണ്ടിയുമെല്ലാം കെ എസ് യുവിന്റെ നായകന്മാരായി. വി വിമോചന സമരം പകർന്ന ഊർജം കെഎസ്‌യുവിന് ജീവവായുവായി മാറുകയായിരുന്നു.
ഒരണ സമരം
കെഎസ്‌യുവിന്റെ ചരിത്രത്തിലെ നാഴികക്കല്ല് ആയിരുന്നു 1958ലെ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ തുടക്കമിട്ട ഒരെണ സമരം. ജലഗതാഗതം സർക്കാർ ദേശസാത്ക്കരിച്ച് ജലഗതാഗത കോർപ്പറേഷൻ രൂപീകരിച്ച സമയമായിരുന്നു അത്. അതുവരെ ഒരെണ്ണം ആയിരുന്ന യാത്രാനിരക്ക് 10 പൈസയായി കൂട്ടിയതിനെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങി. സമരത്തിന്റെ നേതൃത്വം കെഎസ്‌യു ഏറ്റെടുത്തു. ചമ്പക്കുളം നദിക്ക് കുറുകെ കയർ വടം വലിച്ചുകെട്ടി ബോട്ടുഗതാഗതം തടഞ്ഞു കൊണ്ടായിരുന്നു സമരം. ഇരുപതോളം വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനിടയായി. വിദ്യാർത്ഥികൾ പഠിപ്പു മുടക്കി തെരുവിലിറങ്ങി. കേരളമാകെ ഒരണസമരം വ്യാപിച്ചു. സമരം അന്നത്തെ സർക്കാരിനെ തീരുമാനം മാറ്റുന്നതിലേക്ക് പോലും നയിച്ചു. ഏറ്റവും ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ 1958 ആഗസ്റ്റ് നാലാം തീയതി സമരം പിൻവലിച്ചു.
ജനാധിപത്യം കെഎസ്‌യുവിലൂടെ വീണ്ടെടുക്കപ്പെടണം
കേരളത്തിലെ ക്യാമ്പസുകളിൽ എസ് യു ശക്തമായി തിരികെ വരേണ്ടതിന്റെ പ്രസക്തി വളരെ വലുതാണ്. നമ്മുടെ കലാലയങ്ങളിൽ ആഴത്തിലുള്ള അരാഷ്ട്രീയത പടർന്നു പിടിച്ചിരിക്കുന്നു. വർഗീയ-ഏകാധിപത്യ സംഘടനകൾ നമ്മുടെ വിദ്യാർഥി മനസ്സുകളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ജനാധിപത്യത്തിന്റെ ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ തുടരേണ്ടതുണ്ട്. ഭരണകൂടങ്ങൾക്കെതിരായ വിദ്യാർഥി പോരാട്ടങ്ങൾക്ക് കെഎസ്‌യു തന്നെയാണ് മുൻനിര നയിക്കേണ്ടത്. മാറ്റത്തിന്റെ മുന്നേറ്റം സൃഷ്ടിക്കുവാൻ കഴിയുന്നത് കെഎസ്‌യുവിനാണ്. ആർക്കെതിരെ എന്ന് നോക്കാതെ, ആർക്കുവേണ്ടിയെന്നതിനെ അടിസ്ഥാനമാക്കി സമരങ്ങൾ ഏറ്റെടുത്ത പാരമ്പര്യമാണ് കെഎസ്‌യുവിനുള്ളത്. അതേ ശൈലിയിൽ പുതുതലമുറയും വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കെതിരെയും സമൂഹത്തിൽ ഉയർന്നുവരുന്ന തെറ്റായ പ്രവണതകൾക്കെതിരെയും സംഘടിതമായി മുന്നേറണം.