ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കാലം:ചാണ്ടി ഉമ്മൻ എം എൽ എ
തിരുവനന്തപുരം:കേരളത്തിൽ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കാലമാണെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. നവകേരള സദസിൻ്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടിയും ഡിവൈഎഫ് ഐ യും അഴിച്ചുവിടുന്ന അക്രമങ്ങൾക്ക് പൊതുസമൂഹത്തിൽ യാതൊരു ന്യായീകരണവുമില്ല. കരിങ്കൊടി കാണിക്കുന്നത് ഒരു ജനാധിപത്യ രീതിയുള്ള പ്രതിഷേധമാണ്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് പ്രതിഷേധക്കാരെ മർദ്ദിക്കാൻ ആരാണ് അധികാരം നൽകിയത്. എന്തൊരു ദുരവസ്ഥയും ദുരന്തവുമാണ് ഈ നാട്ടിൽ?മുൻപ് മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കാലം ഇവിടെയുണ്ടായിരുന്നു. സെക്രട്ടേറിയറ്റ് വളഞ്ഞ് മന്ത്രിമാരെയും ജീവmക്കാരെയും കയറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കളള ആരോപണങ്ങൾ നാടുനീളെ പറഞ്ഞ് ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ഇല്ലാത്ത സി ഡികൾ തപ്പിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ജനാധിപതൃരീതിയിൽ മര്യാദയുടെ ഭാഷയിലാണ് അതിനൊക്കെ മറുപടി പറഞ്ഞിട്ടുള്ളത്. അത്തരം ജനാധിപത്യ ശൈലിക്കാണ് എൽഡി എഫ് ഭരണത്തിൽ വിരാമമായിരിക്കുന്നത്- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ചാണ്ടി ഉമ്മൻ. അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിനോദ് കെ, ട്രഷറർ കെ എം അനിൽകുമാർ, വൈസ് പ്രസിഡൻ്റുമാരായ എ സുധീർ, സൂസൻ ഗോപി, റീജ എൻ, ജി രാമചന്ദ്രൻനായർ, സെക്രട്ടറിമാരായ ഗോവിന്ദ് ജി ആർ, പ്രസീന എൻ, റെയ്സ്റ്റൺ പ്രകാശ്, വി എം പാത്തുമ്മ, സജീവ് പരിശവിള, വനിതാ വേദി പ്രസിഡൻ്റ് സുനിത എസ് ജോർജ്, ഉമൈബ വി, മീര സുരേഷ്,അജേഷ് എം, രാജേഷ് എം ജി, ആർ രാമചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.