ഗാന്ധിയന്‍ ഹരിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടം: മേധാ പട്കര്‍
കൊച്ചി: ഭരണകൂടം അവരുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ഗാന്ധിയന്‍ രാഷ്ട്രീയത്തെയും ആശയങ്ങളെയും തമസ്‌കരിക്കുന്ന കാലത്ത് ഗാന്ധി ഉയര്‍ത്തിക്കാട്ടിയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നാം സ്വയം മാറുകയെന്നതാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് ആയതിന്റെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിയന്‍ കോണ്‍ഗ്രസ് @100 ന്റെ ഭാഗമായുള്ള 'ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ഹരിത രാഷ്ട്രീയം' എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മേധ പട്കര്‍. ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നമ്മള്‍ മാറുമ്പോള്‍ അതിന് വിഘാതം സൃഷ്ടിക്കുന്ന ആശയങ്ങളെ തുടച്ചു നീക്കേണ്ടതായിട്ടുണ്ട്. വെറുപ്പിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തെ സത്യം കൊണ്ട് മാത്രമേ നേരിടാനാകൂ. സത്യത്തെ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഈശ്വരന്‍ സത്യമാണെന്ന ബോധ്യത്തെ സത്യമാണ് ഈശ്വരനെന്ന തലത്തില്‍ കാട്ടിത്തന്ന നേതാവായിരുന്നു ഗാന്ധി. ഇന്നിപ്പോള്‍ സത്യത്തിന്റെ വെളിച്ചത്തില്‍ നിന്ന് ഇന്ത്യ ചരിത്രത്തെ മുഴുവന്‍ മറച്ചു വെക്കുവാനുള്ള ശ്രമങ്ങളാണ് സംഘടിതമായി നടക്കുന്നത്.
വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരമില്ലായ്മയുടെ പേരാണ് ഗാന്ധി. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരുടെ പ്രതിസന്ധികള്‍ കൃത്യമായി തിരിച്ചറിയുവാനും അത് ഉയര്‍ത്തിക്കാട്ടുവാനുള്ള വൈഭവം ഗാന്ധിക്കുണ്ടായിരുന്നു. അത്തരം മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഉറച്ച വാക്കുകളാണ് മഹാത്മാഗാന്ധിയുടെ മാനവികതയുടെ അടിസ്ഥാനം. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച് മാനവിക രാഷ്ട്രീയം ഉയര്‍ത്താന്‍ മതവിശ്വാസികള്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഗാന്ധി. തെളിമയുള്ള സത്യത്തിന്റെയും നീതിയുടെയും ഗാന്ധിയന്‍ രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്നതാണ് സംഘപരിവാര്‍ രാഷ്ട്രീയം. അതിനെ പ്രതിരോധിച്ചുകൊണ്ട് ഗാന്ധിയന്‍ മൂല്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ തെരുവുകളിലൂടെ ജനങ്ങളുടെ കണ്ണീരും പ്രശ്‌നങ്ങളും കേട്ട്, അവരെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ഗാന്ധി നടന്നു കയറിയത് ഗാന്ധിയന്‍ ഇതേ രാഷ്ട്രീയത്തിന്റെ അന്തസത്തയിലേക്കാണ്.
അതിരപ്പള്ളി പദ്ധതി പോലുള്ള വന്‍കിട പദ്ധതികള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക്ക് ആഘാതം വലുതായിരിക്കും. സമീപകാലത്ത് കേരളത്തിലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയുള്ള ഭരണക്രമമാണ് വേണ്ടത്. ദാരിദ്ര്യമടക്കമുള്ള ഇന്ത്യയിലെ സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഗാന്ധിയന്‍ ഹരിത രാഷ്ട്രീയമാണ് പരിഹാരമെന്നും മേധ പട്കര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്ന സെമിനാറില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ കെ സഹദേവന്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു