കായംകുളത്ത് ടിപ്പർലോറി ഇടിച്ച് വൈദ്യുതത്തൂൺ ഒടിഞ്ഞു; 26 മണിക്കൂർ വൈദ്യുതി മുടക്കി കെഎസ്ഇബി
കായംകുളം: വൈദ്യുത തൂൺ ഒടിഞ്ഞതിനെ തുടർന്ന് 26 മണിക്കൂർ വൈദ്യുതി മുടക്കി കെഎസ്ഇബിയുടെ. മദ്യ ലഹരിയിലായിരുന്ന ടിപ്പർലോറിക്കാർ പുളിമുക്കിന് സമീപമുള്ള വൈദ്യുത തൂൺ ഇടിച്ച് തകർത്തത് പുനഃസ്ഥാപിക്കുന്നതിൽ വന്ന വീഴ്ചയാണ് നിവാസികൾക്ക് പരീക്ഷണമായതും വൻ പ്രതിഷേധത്തിനിടയാക്കിയതും. സംഭവത്തിന് ശേഷം ലോറിക്കാർ കടന്ന് കളഞ്ഞു. പിന്നീട് ലോറി ആലപ്പുഴ സ്വദേശിയുടേതാണെന്ന് കണ്ടെത്തി.
വൈദ്യുത ബോർഡിന് തുക അടയ്ക്കാൻ സമ്മതിച്ചു. രാത്രിയായതിനാൽ ഇന്നലെ രാവിലെ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന നിലപാടായിരുന്നു കെഎസ്ഇബിക്ക്. എന്നാൽ, വൈകിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതാണ് ജനങ്ങളുടെ അമർഷത്തിനിടയാക്കിയത്. പോസ്റ്റുമായി ജീവനക്കാർ എത്തിയത് ഇന്നലെ രാവിലെ 11നാണ്. പത്ത് പോസ്റ്റുകൾ മാറ്റേണ്ട സമയമായിട്ടും ഒരു പോസ്റ്റ് മാറാൻ ഇത്രയും സമയം എടുത്തത് കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.
മൂവായിരത്തിലേറെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് പ്രശ്നം ബാധിച്ചത്. രാവിലെ ജോലിക്ക് പോകേണ്ടവരും കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടവരും ഇതു മൂലം വലഞ്ഞു. ഇൻവർട്ടറുകളും പ്രവർത്തനരഹിതമായതോടെ രാത്രി മുഴുവൻ ജനം ദുരിതം അനുഭവിച്ചു. മരുന്ന് കടകളിലെ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ പല മരുന്നുകളും നശിച്ചു. ഇന്നലെ രാത്രിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
കായംകുളം–കാർത്തിക പള്ളി റോഡ് വികസിപ്പിച്ചപ്പോൾ പോസ്റ്റുകൾ റോഡിലേക്ക് നീങ്ങിനിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ മേയ് 27ന് ഇതിന് തൊട്ടടുത്തുള്ള തൂണ് കാർ ഇടിച്ച് തകർത്തിരുന്നു. അന്നും വൈദ്യുതി മുടക്കം ജനജീവിതത്തെ ബാധിച്ചിരുന്നു.