സ്വർണം മോഷ്ടിക്കാൻ യുവാവ് വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയിൽ നിക്ഷേപിച്ചു ; എന്നാൽ പിന്നീട് സംഭവിച്ചത്
ബെംഗളുരു: വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച പ്രതി പോലീസ് പിടിയിൽ . ബെംഗളുരുവിലെ നഗരത്തിലെ കെ ആർ പുരത്താണ് സംഭവം. എഴുപത് വയസ്സുകാരിയായ സുശീലമ്മയാണ് ക്രൂരമായി കൊല്ലപ്പെട്ടത് . സ്വർണാഭരണങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ അയൽവാസിയായ ദിനേഷ് സുശീലമ്മയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ആളൊഴിഞ്ഞ വീടിന് സമീപം അസഹനീയമായ ദുർഗന്ധത്തെതുടർന്ന് അയൽവാസികൾ സ്ഥലം പരിശോധിച്ചു, ഇതോടെയാണ് പ്രതി പിടിയിലായത്.
കടക്കെണിയിലായ ദിനേഷ് അയൽവാസിയായ സുശീലമ്മയെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലെയും ചെവിയിലെയും കയ്യിലെയും ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സ്വർണക്കടയിൽ കൊണ്ടുപോയി പണയം വയ്ക്കാൻ നോക്കിയപ്പോഴാണ് വൃദ്ധയുടെ കമ്മലുകളൊഴികെ ബാക്കിയെല്ലാം മുക്കുപണ്ടമാണെന്ന് ഇയാൾ മനസിലാക്കിയത്. തുടർന്ന് തിരികെ വീട്ടിലെത്തി യുവാവ് വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ പ്ലാസ്റ്റിക് വീപ്പയിൽ നിക്ഷേപിച്ച് രക്ഷപ്പെടുകയായിരുന്നു.