For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ന് സദ്ഭാവനാ ദിനം; രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം

11:41 AM Aug 20, 2024 IST | Online Desk
ഇന്ന് സദ്ഭാവനാ ദിനം  രാജീവ് ഗാന്ധിയുടെ 80 ാം ജന്മദിനം
Advertisement

ഇന്ന് സദ്ഭാവന ദിനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ജന്മദിനം. ആധുനിക ഇന്ത്യയുടെ ശില്പിയായ ജനപ്രിയ നേതാവ് ഇന്നും ചരിത്രത്താളുകൾ ഉജ്ജ്വലമായി ശോഭിച്ചു നിൽക്കുന്ന ഒരു അധ്യായം തന്നെയാണ്. കാലത്തെ മായ്ക്കാൻ കഴിയാത്ത നിരവധി സംഭാവനകൾ രാജ്യത്തിന് നൽകിയ മഹനീയ വ്യക്തിത്വമാണ് രാജീവ് ഗാന്ധി.

Advertisement

1944 മുംബൈയിൽ ജനിച്ച രാജീവ് ഗാന്ധി പിന്നീട് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തി. ഇന്ദിരാഗാന്ധിയുടെ മരണശേഷം തന്റെ നാല്പതാമത്തെ വയസ്സിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തിൽ രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലായിരുന്നു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാൻ രാജീവ് ഗാന്ധിയെ നിർബന്ധിതനാക്കി. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസ് അധ്യക്ഷനായ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമാണ് രാജീവിന്‍റേത്. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി.

1984 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്‍റെ കൊച്ചുമകന്‍ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1984 ഒക്ടോബര്‍ 31-ന് ആയിരുന്നു.

വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക,വാർത്ത- വിനിമയ മേഖലകളിൽ ഇന്ത്യയിൽ ഇന്ന് കാണുന്ന പുരോഗതിക്ക് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധവും ദീർഘവീക്ഷണവും ആയിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞ അതുല്യ നേതാവായിരുന്നു രാജീവ് ഗാന്ധി. 1991 ലെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് ശ്രീ പെരുമ്പത്തൂരിൽ വച്ച് എല്‍ ടി ടി ഈ തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ ഇല്ലാതായത് ഒരു രാജ്യവും അവരുടെ സ്വപ്നങ്ങളുമായിരുന്നു. തന്റേതായ വ്യക്തിത്വത്തിലൂടെ ഇന്നും ഇന്ത്യൻ ജനതയുടെ മനസ്സിൽ മായാത്ത ഓർമ്മയായി രാജീവ് ഗാന്ധി നിലകൊള്ളുന്നു. അതുല്യനായ രാജീവ് ഗാന്ധിയുടെ സ്മരണ ഇന്ത്യൻ ജനത സദ്ഭാവന ദിനമായി ആചരിക്കുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.