Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മന്‍മോഹന്‍ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ : കെ സി വേണുഗോപാല്‍

12:07 PM Dec 27, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.

Advertisement

ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്‍മോഹന്‍ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ. ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ വെള്ളവും വളവും നല്‍കി ഇന്ത്യന്‍ വിപണിയുടെ ശക്തി വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനാധിപത്യം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിവരാവകാശ നിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27% പിന്നാക്ക സംവരണം, കര്‍ഷകരുടെ തിരിച്ചടയ്ക്കാന്‍ പറ്റാത്ത കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍, ആരോഗ്യരംഗത്തെ മികച്ച സേവനങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കാന്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മന്‍മോഹന്‍ സര്‍ക്കാരുകളുടേത്.

മത്സരങ്ങളുടെ രാഷ്ട്രീയക്കളത്തിലിറങ്ങി പൊരുതിയിട്ടില്ലെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു മന്‍മോഹന്‍ സിംഗെന്നത്, അവസാന കാലത്ത് പോലും രാജ്യം കണ്ടതാണ്. ഡല്‍ഹിയുടെ അധികാരപരിധി കുറക്കുന്ന ബില്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് പാര്‍ലമെന്റിലെത്തിയതിലൂടെ അദ്ദേഹത്തിന്റെ നിലപാട് വരും തലമുറയ്ക്കും മനസിലാക്കാന്‍ സാധിക്കും.

മന്‍മോഹന്‍ സിംഗില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനയും, ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയും ആയിരുന്നു. അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം ഊര്‍ജ സഹമന്ത്രിയായും പിന്നീട് വ്യോമയാന സഹമന്ത്രിയായും പ്രവര്‍ത്തിച്ചപ്പോള്‍, മന്ത്രിസഭയിലെ പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രചോദനവും കരുത്തുമായിരുന്നു. അന്ന് ലഭിച്ച പരിഗണന മറക്കാന്‍ കഴിയാത്തതാണ്. മാത്രമല്ല, സുനാമി കാലത്ത് കേരളത്തിലെത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര സ്വഭാവത്തോടെ ഇടപെടുകജും ചെയ്ത അദ്ദേഹം നല്‍കിയ പിന്തുണ സമാനതകളില്ലാത്തതാണ്.

താന്‍ വ്യോമയാന സഹമന്ത്രിയായിരുന്ന കാലത്ത്, കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാന്‍ ഊര്‍ജ സഹമന്ത്രിയായിരുന്ന കാലത്ത്, പ്രധാനമന്ത്രി തന്നെ നേരിട്ട് ശ്രദ്ധ ചെലുത്തി നല്‍കിയ കേന്ദ്ര വിഹിതത്തോളം കേരളത്തിന് പില്‍ക്കാലത്ത് മറ്റൊന്നും ലഭിച്ചിട്ടുമില്ല. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടുകളും ചെലുത്തിയ ശ്രദ്ധയും ഇന്നും ഓര്‍ക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്താതെ, ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രത്തിനും സമാനതകളില്ലാത്ത നഷ്ടമാണ് മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Tags :
featured
Advertisement
Next Article