Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കണ്ടല ബാങ്ക് തട്ടിപ്പിലും കരുവന്നൂർ മാതൃക; ഭാസുരാംഗനെതിരെ ജപ്തി നടപടി തുടങ്ങി, ഉന്നത നേതാക്കളും അനധികൃതമായി ഇടപെട്ടു

08:27 PM Nov 22, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: സിപിഐ നേതാവായ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരുന്നതെങ്കിൽ, ഇഡി അന്വേഷണത്തിൽ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചതായി കണ്ടെത്തി. 200 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.  ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഇ.ഡിയുടെ അന്വേഷണത്തിൽ വ്യക്തമായി. മുപ്പത് വർഷത്തിലേറെയായി ഭാസുരാംഗനാണ് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിലുള്ളത്.

Advertisement

ഭാസുരാംഗൻ ബാങ്ക് പ്രസിഡന്‍റായിരുന്ന കാലത്താണ് മകൻ അഖിൽ ജിത്ത് വൻ സാമ്പത്തിക വളർച്ച നേടിയത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ അഖിൽ ജിത്തിന് കഴിഞ്ഞിട്ടില്ല. പ്രതികൾ അന്വഷണവുമായി പൂർണ്ണമായി സഹകരിച്ചില്ലെന്നും ഇഡി വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി കടക്കുന്നതോടെ തുക ഉയരാന്‍ സാധ്യതയുണ്ട്. ഉന്നത നേതാക്കളടക്കം വഴിവിട്ട വായ്പയ്ക്കായി ഇടപെട്ടു. വായ്പ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഭാസുരാംഗനും അഖില്‍ജിത്തിനും ഇതില്‍ നേരിട്ട് പങ്കുള്ളതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായത്.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങിയ ഭാസുരാംഗനെയും അഖിൽ ജിത്തിനെയും കൂടുതൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ പൂർണ വിവരങ്ങൾ പുറത്തുവരൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ചൊവ്വാഴ്ച പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  കോടികളുടെ നിക്ഷേപത്തുക ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് ക്രമക്കേട് നടത്തി തട്ടിയെടുത്തെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. നേരത്തെ 74 നിക്ഷേപകർ പരാതിയുമായി രംഗത്ത് വന്നെങ്കിലും കാര്യമായ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്.

അതേസമയം, കണ്ടല ബാങ്കില്‍ നിന്ന് അനധികൃതമായി വായ്പ എടുത്ത തുക തിരച്ചടയ്ക്കാത്തതിനാല്‍ ഭാസുരാംഗനെതിരെ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചു. കോടികൾ വായ്പ എടുത്തിട്ട് ഒരു രൂപ പോലും തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ബന്ധുക്കളുടെ പേരിൽ മൂന്നരക്കോടിയിലേറെ രൂപയും മകന്റെയും ഭാര്യയുടെയും പേരിൽ മാത്രം 95 ലക്ഷം രൂപ വീതവും ഭാസുരാംഗന്‍ വായ്പ എടുത്തിരുന്നു. ഇതിനിടെ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 28 കേസുകൾ സഹകരണ വകുപ്പ് രജിസ്റ്റർ ചെയ്തു. ആദ്യ ഹിയറിങ്ങിന് ഭാസുരാംഗന് പകരം എത്തിയത് അഭിഭാഷകൻ ആയിരുന്നു. അടുത്ത ഹിയറിംഗ് ഇന്ന് നടക്കും.

Tags :
featured
Advertisement
Next Article