ലോക്സഭയിലേക്ക് 20 സീറ്റും നേടാൻ പാർട്ടി അച്ചടക്കം അനിവാര്യം: ചെന്നിത്തല
കോഴിക്കോട്:കോൺഗ്രസിൽ ഏറ്റവും കൂടുതൽ അച്ചടക്കം ആവശ്യമായ സമയാണിതെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പാർട്ടിക്കു പുറത്തേക്ക് വലിച്ചിഴച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏലത്തൂർ നിയോജകമണ്ഡലത്തിലെ ചേളന്നൂർ പഞ്ചായത്തലെ ഞാറക്കാട്ട് കോളനിയിൽ ഗാന്ധിഗ്രാമം പരിപാടിയിൽ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
2024 തെരഞ്ഞെടുപ്പ് വർഷമാണ്. ലോകസഭയിൽ 20ൽ 20 സീറ്റും വിജയിക്കണമെന്നാണ് യുഡിഎഫും ജനങ്ങളും ആഗ്രഹിക്കുന്നത്. അതു യഥാർഥ്യമാകണമെങ്കിൽ നേതാക്കളും പ്രവർത്തകരും യോജിച്ചു പ്രവർത്തിക്കണം. കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം ജനങ്ങൾക്കു മടുത്തു. അതിനെതിരേ കോൺഗ്രസിലാണ് ജനങ്ങൾക്കു പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഇന്നു പുനരാരംഭിച്ച നവകേരള സദസ് കൊണ്ട് ഒരു പ്രയോജനവുമില്ല. കോടിക്കണക്കിനു രൂപ ചെലവാക്കി സർക്കാർ നടത്തുന്ന മാമാങ്കമാണ് നവ കേരള സദസ്. 16 ലക്ഷത്തിൽ പരം പരാതികളാണ് സദസിലൂടെ ലഭിച്ചത്. അതിൽ ഒന്നു പോലും പരിഹരിക്കപ്പെട്ടിട്ടില്ല. കിട്ടിയ പരാതികൾ താഴേക്കു വിടുകയാണ്. അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും രമേശ് ചൂണ്ടിക്കാട്ടി.