ടി പി ചന്ദ്രശേഖരൻ വധക്കേസ്: വിചാരണക്കോടതി വിധി ശരിവച്ച് ഹൈക്കോടതി, രണ്ട് പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചു.
12 പ്രതികളാണു ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയത്. അതേസമയം, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷനും അപ്പീൽ നൽകിയിരുന്നു. സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീൽ. പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവച്ചു. 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.