പുത്തുമലയേക്കാള്‍ വലിയ ദുരന്തം: ഹൃദയഭേദകമായി വയനാട്
കല്‍പ്പറ്റ: പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വയനാടിന്റെ ഹൃദയം തകര്‍ത്ത് മറ്റൊരു ഉരുള്‍പൊട്ടിയത്. 2019ലെ ദുരന്തഭൂമിയില്‍നിന്ന് ഏറെ അകലെയല്ല മുണ്ടക്കൈയും ചൂരല്‍മലയും. അര്‍ധരാത്രി പിന്നിട്ട വേളയില്‍ പ്രകൃതി നടത്തിയ സംഹാര താണ്ഡവം പുറംലോകമറിഞ്ഞത് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ്. മൃതദേഹങ്ങള്‍ പലതും ഒഴുകിയെത്തിയ നിലയില്‍ സമീപ ജില്ലയിലെ ചാലിയാര്‍ നദിയില്‍നിന്ന് നടുക്കത്തോടെയാണ് കണ്ടെത്തിയത്.
ഉറക്കത്തിലാണ്ട മുണ്ടക്കൈയിലെ നാനൂറോളം കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം. മരണത്തിന്റെ ഇരുണ്ട കൈകള്‍ എത്ര ജീവനുകള്‍ നിത്യ നിദ്രയിലേക്ക് കവര്‍ന്നെടുത്തുവെന്നത് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുണ്ടക്കൈയിലെ ചെറുപട്ടണത്തെ നാമാവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത ദുരന്തമാണ്. പുത്തുമലയേക്കാള്‍ പലമടങ്ങ് നാശമാണ് മുണ്ടക്കൈയില്‍ ഉണ്ടായിരിക്കുന്നതെന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ചൂരല്‍മലയിലെ ഒരു സംഘം ആളുകള്‍, തങ്ങളുടെ അയല്‍വാസികളായ പലരെയും കാണുന്നില്ലെന്ന ആശങ്ക മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പുത്തുമലയേക്കാള്‍ വലിയ ദുരന്തമാണ് ഇന്നത്തേതെന്നും അവര്‍ പറയുന്നു. മുമ്പെങ്ങും കാണാത്ത വിധം സൈന്യം ഉള്‍പ്പെടെ എത്തിയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിനടിയില്‍ എത്രപേര്‍ അകപ്പെട്ടുവെന്നതിന് യാതൊരു വ്യക്തതയുമില്ല. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനു പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാം.
അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. അഗ്‌നിരക്ഷാ സേനയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈകാതെ സൈന്യമെത്തും. ദുരന്തഭൂമിയില്‍ പലയിടത്തുനിന്നായി ഇതുവരെ 45 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഛിന്നഭിന്നമായ മനുഷ്യ ശരീരങ്ങള്‍ ചാലിയാറിന്റെ കുത്തൊഴുക്കില്‍ കിലോമീറ്ററുകള്‍ പിന്നിട്ട് നിലമ്പൂരില്‍ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരള്‍ പിളര്‍ക്കുന്നതാണ്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്നും 11 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാന്‍ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളില്‍ നിന്നും മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് എട്ടിന് രാത്രിയാണ് പുത്തുമലയില്‍ 17 പേരുടെ ജീവനെടുത്ത പേമാരി പെയ്തിറങ്ങിയത്. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറക്കൂട്ടങ്ങളും വെള്ളവും മേപ്പാടി പച്ചക്കാട് താഴ്വാരത്തെ പുത്തുമലയെ പാടെ തകര്‍ത്തു. ദുരന്ത ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ കാണാതായ അഞ്ചു പേര്‍ എവിടെയെന്ന നൊമ്പരമേറിയ ചോദ്യം ഇന്നും അവശേഷിക്കുകയാണ്.