For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യാത്രപ്പടി വിവാദം:ഓൺലൈൻ യോഗത്തിൽ പങ്കെടുത്തതിനും യാത്രപ്പടി വാങ്ങി

09:36 PM Oct 30, 2023 IST | Veekshanam
യാത്രപ്പടി വിവാദം ഓൺലൈൻ യോഗത്തിൽ പങ്കെടുത്തതിനും യാത്രപ്പടി വാങ്ങി
Advertisement

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗങ്ങളുടെ യാത്രപ്പടി വിവാദത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ഓൺലൈൻ മീറ്റിങിൽ പങ്കെടുത്തതിനും യാത്രപ്പടിയും ഓണറേറിയവും വാങ്ങിയതിന്റെ നിയമസഭാ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് കാലത്താണ് ഓൺലൈൻ മീറ്റിങുകൾ കൂടുതലായി നടത്തിയത്. സ്വന്തം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഓൺലൈൻ മീറ്റിങ്ങുകൾ നടന്നതെങ്കിലും യാത്രപ്പടിയിൽ കുറവുണ്ടായില്ല.മറ്റ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രപ്പടിക്ക് പുറമെ 5000 രൂപ വീതം ഓണറേറിയം കൈപ്പറ്റുന്നത് സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) മാത്രമാണ്. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വാഹനങ്ങൾ അംഗങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായുള്ള ലോഗ് ബുക്ക്‌ രേഖകളും പുറത്തായി.കോളേജുകളിൽ പരിശോധനയ്ക്ക് രണ്ട് സിൻഡിക്കേറ്റ് മെമ്പർമാരെയാണ്‌ ചുമതല പെടുത്തുന്നത്. ഒരു ദിവസം മൂന്ന് കോളേജുകളിൽ വരെ പരിശോധന നടത്തി 15000 രൂപവരെ ചിലർ ഓണറേറിയമായി കൈപ്പറ്റിയിട്ടുണ്ട്. ഇതിനുപുറമേ, അംഗങ്ങൾക്ക് മുന്തിയ ഹോട്ടലുകളുകളിൽ താമസിക്കുന്നതുനുള്ള ചെലവ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്. ഇതൊന്നും സംസ്ഥാനത്തെ മറ്റ് ഒരു സർവ്വകലാശാലകളും അനുവദിച്ചിട്ടില്ല. സിൻഡിക്കേറ്റ് അംഗങ്ങൾ ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ള എണ്ണം കോളേജുകളിൽ പരിശോധന നടത്തി ഓണറേറിയം കൈപ്പറ്റിയതായാണ് നിയമസഭയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞിട്ടുള്ളത്.സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ഐ സാജു 92 കോളേജുകളിലും പിഒജി ലബ്ബ 68 കോളേജുകളിലും വിനോദ് കുമാർ 44 കോളേജുകളിലും പരിശോധന നടത്തിയെന്നാണ് രേഖകൾ. ഡോ. സഞ്ജീവ് -38, വേണുഗോപാൽ -35, മുൻ എംപി പി.കെ ബിജു -30 എന്നിങ്ങനെയാണ് പരിശോധന നടത്തിയ കോളേജുകളുടെ എണ്ണം. ഓരോ കോളേജിലും പരിശോധന നടത്തിയതിന് 5000 രൂപ വീതമാണ് കൈപ്പറ്റിയിരിക്കുന്നത്. യാത്രപ്പടിക്ക് അർഹത കുറവായവർക്ക്‌ കൂടുതൽ കോളേജുകളിൽ പരിശോധന നടത്താൻ അവസരം നൽകുകയായിരുന്നു. എന്നാൽ ചില അംഗങ്ങൾ പത്തിൽ താഴെ കോളേജുകളിൽ മാത്രമാണ് പരിശോധന നടത്തിയത്.പരീക്ഷാ ഫീസ്, റീവാലുവേഷൻ ഫീസ് , കോളേജ് അഡ്മിനിസ്ട്രേഷൻ ഫീസ്, അഫിലിയേഷൻ ഫീസ് എന്നിവയിൽ നിന്നുള്ള തനത് ആഭ്യന്തര വരുമാനത്തിൽ നിന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ യാത്രപ്പടി, സിറ്റിംഗ് ഫീസ്, ഓണറേറിയം എന്നിവയ്ക്ക് പണം കണ്ടെത്തുന്നത്.യാത്രപ്പടിക്ക് പുറമേ, സർവകലാശാലയുടെ വാഹനങ്ങൾ സിൻഡിക്കേറ്റ് അംഗങ്ങൾ യഥേഷ്ടം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. മുൻ എംപിപി.കെ ബിജു യൂണിവേഴ്സിറ്റിയുടെ വാഹനം സിഐടിയു ഓഫീസ്, എകെജി സെന്റർ എന്നിവിടങ്ങളിൽ പോകാനും മറ്റ് അനൗദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായുമുള്ള വിവരാവകാശ രേഖകളും പുറത്തായി. യൂണിവേഴ്സിറ്റിയുടെ ലോഗ് ബുക്കിൽ, യാത്ര ചെയ്തതായി പി.കെ ബിജു രേഖപെടുത്തി ഒപ്പുവച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാരുടെ നിയമനത്തെക്കുറിച്ചും ആക്ഷേപമുണ്ട്. സ്ഥിരം ജീവനക്കാരുടെ ഇരട്ടിയിലധികം താൽക്കാലിക ജീവനക്കാരെയാണ് പരീക്ഷവിഭാഗം ഉൾപ്പടെയുള്ള സെക്ഷനുകളിൽ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചിരിക്കുന്നത്. 20,000 മുതൽ 30,000 വരെ പ്രതിമാസ ശമ്പളത്തിൽ ക്ലർക്കുമാർ, ഡ്രൈവർമാർ, ക്ലാസ് 4 ജീവനക്കാർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിൽ കഴിഞ്ഞ രണ്ട് വർഷമായി നിയമിച്ചിട്ടുള്ള നൂറോളം താൽക്കാലിക ജീവനക്കാരിൽ ഭൂരിഭാഗവും തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര പ്രദേശത്തു നിന്നുള്ളവരാണ്. കാട്ടാക്കട നിന്നുള്ള ഒരു എംഎൽഎ ഉൾപ്പടെ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തിൽ നിയമിക്കപെട്ടവരാണ് ഇവരെന്ന് ആരോപണമുണ്ട്. ഇവർക്കായി യൂണിവേഴ്സിറ്റി വക രണ്ട് എ.സി ബസുകൾ കാട്ടാക്കട, നെയ്യാറ്റിൻകരഭാഗത്ത്‌ നിന്നും ഏർപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാല ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിട്ടിട്ടും ഒരു അധ്യാപന വകുപ്പ് പോലും ആരംഭിക്കാനോ യുജിസിയുടെ ഫണ്ടിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഒരു വർഷത്തിലേറെയായി സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്തതുകൊണ്ട് സിൻഡിക്കേറ്റ് അംഗങ്ങളുടെ പൂർണ നിയന്ത്രണത്തിലാണ് സർവകലാശാല ഭരണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.