അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയ്യേറ്റം: സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്
കൊച്ചി: അട്ടപ്പാടി സന്ദര്‍ശിച്ച് ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെക്കുന്നത് സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്. ആദിവാസികള്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിക്ക് സമര്‍പ്പിച്ച രേഖാമൂലമുള്ള പരാതിയുടെ പശ്ചാത്തലത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പാലക്കാട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം അന്വേഷണം നടക്കുകയാണ്. അതിനിടെ പൊലീസിന്റെയും ഗുണ്ടകളുടെയും കരുത്തില്‍ ഭൂമാഫിയ ആദിവാസി മേഖലയിലെ ഭൂമിയില്‍ ഇപ്പോല്‍ നടത്തിക്കൊണ്ടിരിക്കുന്ന കമ്പിവേലി കെട്ടിത്തിരിക്കല്‍ നിയമവാഴ്ചയുടെ പരസ്യമായ ലംഘനമാണ്.
ഹൈകോടതി തീരുമാനം ഉണ്ടാകുന്നതുവരെ ഈ മേഖലയില്‍ അനധികൃത ഇടപെടലുകള്‍ തടയാന്‍ പാലക്കാട് കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ആദിവാസി മേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൈയേറ്റങ്ങളെ സംബന്ധിച്ച് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥതലത്തിലുള്ള ഒന്നായിരിക്കും. അതിനാല്‍ ഈ റിപ്പോര്‍ട്ടില്‍ അട്ടിമറി സാധ്യതയുണ്ടാകുമെന്ന് ആദിവാസികള്‍ക്ക് ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്, ഈ വിഷയത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചു.
അട്ടപ്പാടിയിലെ വിവാദഭൂമിയില്‍ എത്തി അന്വേഷണം നടത്തി റിപ്പോര്‍ തയാറാക്കുന്നതിനായി പ്രഫ.ഡോ. കെ.പി. ശങ്കരന്‍, ബോബി തോമസ്, ഉഷാദേവി, കെ.ഡി. മാര്‍ട്ടിന്‍, ടി.എസ്. രാജീവ്, എന്‍.എം. നാസര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘത്തെ ഐ.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റിയോഗം ചുമതലപ്പെടുത്തി. ഹൈകോടതിക്കു മുന്നില്‍ ജനകീയ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചു.ജൂലൈ നാല്, അഞ്ച് തിയതികളില്‍ അന്വേഷണ സംഘം അട്ടപ്പാടിയിലെത്തി മൂലഗംഗല്‍, വെച്ചപ്പതി, വെള്ളകുളം ആദിവാസി ഊരുകളും കൈയേറ്റ ഭൂമിയും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി പി.എ. ഷാനവാസ് അറിയിച്ചു.