ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍; ഹേമന്ത് സോറന്‍ സഭയില്‍
റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയില്‍ പുതിയ മുഖ്യമന്ത്രി ചാംപയ് സോറന്റെ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ തുടങ്ങും. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടെടുപ്പില്‍ പങ്കെടുക്കാനായി സഭയിലെത്തി.
വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സോറന് കോടതി അനുമതി നല്‍കിയിരുന്നു. ഝാര്‍ഖണ്ഡിലെ 81 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണു വേണ്ടത്. നിലവില്‍ 47 പേരാണു ഭരണപക്ഷത്തുള്ളത്. ജെ.എം.എം 28, കോണ്‍ഗ്രസ് 16, ആര്‍ജെഡി 1, സിപിഐ (എംഎല്‍) ലിബറേഷന്‍ 1.
ഞായറാഴ്ച വൈകീട്ടാണ് എം.എല്‍.എമാര്‍ മടങ്ങിയെത്തിയത്. ഹേമന്ത് സോറന്‍ രാജിവെച്ചതിനെതുടര്‍ന്ന് ഫെബ്രുവരി രണ്ടിനാണ് ജെ.എം.എം നേതാവ് ചംപായ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സോറന്‍ അഞ്ചു ദിവസം കസ്റ്റഡിയിലാണ്. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം തിങ്കളാഴ്ച സഭയിലെത്തിയത്.