തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ സിപിഎം വോട്ട് ബിജെപിക്കോ...?, സിപിഐയ്ക്ക് അതൃപ്തിയെന്ന് സൂചന
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇടതുമുന്നണിയിൽ ഭിന്നതയെന്ന് സൂചന. തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ മുന്നണിയുടെ ഭാഗമായ സിപിഐക്കാണ് സീറ്റ്. സിപിഐ മത്സരിക്കുന്ന ഈ രണ്ടു മണ്ഡലങ്ങളിലും ബിജെപി ഏറെ വിജയപ്രതീക്ഷയാണ് വെക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറാണ് ബിജെപി സ്ഥാനാർത്ഥി. തൃശൂരിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥി. രണ്ടു മണ്ഡലങ്ങളിലും സിപിഐ അവരുടെ പ്രധാനപ്പെട്ട സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും തൃശ്ശൂരിൽ മുൻ മന്ത്രി കൂടിയായ വിഎസ് സുനിൽകുമാറും ആണ് സ്ഥാനാർത്ഥികൾ. മികച്ച സ്ഥാനാർത്ഥികളെ നിർത്തിയിട്ടും മണ്ഡലങ്ങളിൽ സിപിഎം സിപിഐ സ്ഥാനാർത്ഥികൾക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, തൃശ്ശൂരിൽ എൽഡിഎഫ് സഹായിച്ചാൽ ബിജെപി വിജയിക്കുമെന്നും പകരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ നീക്കുപോക്കുകൾ ഉണ്ടാകുമെന്നും ബിജെപി നേതൃത്വം കേരളത്തിലെ സിപിഎമ്മുമായി ചർച്ച ചെയ്തതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയതോടെ സിപിഐയുടെ സംശയം കൂടുതൽ ശക്തമായി. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ സിപിഐ അണികളും സിപിഎം വെച്ചുപുലർത്തുന്ന രീതികളിൽ നിരാശരാണെന്നാണ് ലഭിക്കുന്ന വിവരം.