ഇരട്ടി മധുരം; പിറന്നാൾ ദിനത്തിൽ സ്വർണനേട്ടവുമായി അമൽചിത്ര
കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അമൽചിത്ര. സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കുന്ന അമൽചിത്രയ്ക്ക് ഇത് ആദ്യ സ്വർണമാണ്.
കുടുംബത്തിന്റെ പിന്തുണ
തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽചിത്ര. ഡ്രൈവറായ സുധീഷ് മകളുടെയൊപ്പം മത്സരം കാണുന്നതിനായി എത്തിയിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടെന്നും ഒന്നാമത്തെത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും അമൽചിത്രയെ ചേർത്ത് പിടിച്ച് സന്തോഷ കണ്ണീരോടെ സുധീഷ് പറഞ്ഞു. ചെറുപ്പം മുതൽ കായിക മേഖലയിൽ താല്പര്യം ഉണ്ടായിരുന്ന അമൽചിത്ര ഓട്ടം ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ ആ വിഭാഗത്തിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് അധ്യാപകരാണ് പോൾവാൾട്ടിലേക്ക് കടന്നു വരുന്നതിന് പ്രചോദനമായത്. ആദ്യമായി സ്വർണനേട്ടം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ട്. അധ്യാപകർ നൽകിയ ആത്മവിശ്വാസവും പരിശീലനവും കുടുംബാംഗങ്ങൾ നൽകിയ പിന്തുണയും എനിക്ക് വിജയം നേടിതരാൻ സഹായിച്ചുവെന്ന് അമൽചിത്ര പറഞ്ഞു.
പിറന്നാൾ സർപ്രൈസ്
സ്വർണം നേടി മൈതാനത്തിന് അരികിലെത്തിയപ്പോഴേക്കും അമൽചിത്രയുടെ ചുറ്റും അധ്യാപകരും അച്ഛനും കൂട്ടുകാരും കൂടി നിന്നു. 'ഹാപ്പി ബർത്ത്ഡേ' അമൽചിത്ര എന്നെഴുതിയ കേക്ക് അമൽചിത്രയുടെ മുന്നിലേക്ക് കൊണ്ടുവന്നു. സന്തോഷംകൊണ്ട് അവളുടെ മുഖം തിളങ്ങി. കേക്കുമായി പ്രിയപ്പെട്ടവർ എത്തിയപ്പോഴാണ് സർപ്രൈസ് അമൽചിത്രയ്ക്ക് പിടികിട്ടിയത്. പിന്നെ കേക്ക് മുറിച്ച് പിറന്നാളും അതോടൊപ്പം മത്സരവിജയവും ആഘോഷിച്ചു.
വിജയം ഉറപ്പിച്ചിരുന്നു
ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അമൽചിത്രയുടെ കോച്ച് അഖിൽ കെ പിയ്ക്ക് തന്റെ ശിഷ്യയുടെ നേട്ടത്തിൽ അത്ഭുതമില്ല. അവൾ ഇത് സ്വന്തമാക്കുമെന്ന് അറിയാമായിരുന്നു. എം എ കോളേജിൽ അധ്യാപകൻ ആയിരിക്കുമ്പോഴാണ് സാം ജി സാർ അമൽ ചിത്രയെപറ്റി പറയുന്നത്. കായികക്ഷമതയുള്ള അമൽചിത്രയ്ക്ക് ഉയരങ്ങളിൽ എത്താനാകുമെന്ന് തിരിച്ചറിഞ്ഞ് അവളെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഐഡിയൽ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോൾ പരിശീലനം നൽകാൻ ആരംഭിച്ചു. ജില്ലാ മത്സരത്തിൽ 2.50 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ അവളിലുള്ള ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ 2.90 മീറ്റർ ഉയരത്തിലെത്താൻ സാധിച്ചു. അടുത്ത വർഷവും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ കഴിയും. മുന്നോട്ടും മികച്ച വിജയങ്ങൾ നേടിയെടുക്കാൻ അമൽചിത്രയ്ക്ക് കഴിയുമെന്നും അഖിൽ കെ പി പറഞ്ഞു. അഖിലിന്റെ പരിശീലനത്തിൽ ആറ് കുട്ടികളാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടാൻ കഴിഞ്ഞു. രാവിലെ 6 മണിക്ക് കുട്ടികൾ പരിശീലനത്തിനായി ഇറങ്ങും. 8 മണി വരെ തുടരും. അങ്ങനെ ദിവസേനയുള്ള നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിലെത്താൻ സാധിച്ചത്.