ചാലിയാര്‍ പുഴയില്‍ നിന്നും രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെടുത്തു
കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാര്‍ പുഴയില്‍ ഇന്നുനടന്ന തിരച്ചിലില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. നിലമ്പൂര്‍ മുണ്ടേരി തലപ്പാലിയില്‍ നിന്നും, കുമ്പളപ്പാറയ്ക്ക് സമീപം വാണിയംപുഴ ഭാഗത്ത് നിന്നുമാണ് രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. തലപ്പാലിയില്‍ നിന്ന് ഒരു കാലിന്റെ തുടഭാഗമാണ് തിരച്ചില്‍ സംഘത്തിന് ലഭിച്ചത്.
എന്‍ഡിആര്‍എഫ്, തണ്ടര്‍ബോള്‍ട്ട്, പോലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനകള്‍ക്കൊപ്പം വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ചാലിയാറിലെ തിരച്ചില്‍. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടേരി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്ക് പരപ്പന്‍പാറ വരെയും ഇരുട്ടുകുത്തി മുതല്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണകടവ് വരെയുമാണ് ഇന്നു സംഘം തിരിഞ്ഞ് പരിശോധന നടത്തുന്നത്. വനഭാഗത്ത് സന്നദ്ധസംഘടനകളില്‍നിന്നു പരിചയസമ്പന്നരായ 15 പേര്‍ വീതമുള്ള സംഘങ്ങളായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.
ബാക്കിയുള്ളവര്‍ ചാലിയാറിന്റെ ഇരുകരകളിലുമായി പൂക്കോട്ടുമണ്ണകടവ് വരെയും തിരച്ചില്‍ നടത്തി. ഉരുള്‍പൊട്ടലില്‍ കാണാതായര്‍ക്കുവേണ്ടി ചാലിയാര്‍ പുഴയില്‍ കഴിഞ്ഞ പതിനാല് ദിവസങ്ങളായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 169 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.