കൊടുങ്കാറ്റില്‍ ലൈറ്റുകളുടെ ഇരുമ്പു ഫ്രെയിമുകള്‍ ഇളകിവീണ് രണ്ടു സ്ത്രീകള്‍ മരിച്ചു
ലുധിയാന /പഞ്ചാബ്: കൊടുങ്കാറ്റില്‍ ലൈറ്റുകളുടെ ഇരുമ്പു ഫ്രെയിമുകള്‍ ഇളകിവീണ് രണ്ടു സ്ത്രീകള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.പഞ്ചാബിലെ ലുധിയാനയില്‍ നവരാത്രി ജാഗരണ്‍ ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണികള്‍ക്കിടയിലേക്ക് ലൈറ്റ് ഫ്രെയിമുകള്‍ വീഴുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്നാണ് വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകള്‍ ഇളകിവീണത്.ലുധിയാനയിലെ ദ്വാരിക എന്‍ക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമായിരുന്നു ആഘോഷ ചടങ്ങ്. രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവര്‍ മരണത്തിന് കീഴടങ്ങി. കുട്ടികളടക്കം 15 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ പലരെയും പ്രാഥമിക വൈദ്യ ശുശ്രൂഷക്ക് ശേഷം ഡിസ്ചാര്‍ജ് ചെയതു. അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീശിയടിച്ച ശക്തമായ കാറ്റിന്റെ ഫലമായാണ് ഇരുമ്പ് തൂണുകള്‍ തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
കൊടുങ്കാറ്റ് അടിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി പേര്‍ പുറത്തുപോകാന്‍ തുടങ്ങിയെങ്കിലും സംഘാടകര്‍ അവരെ ഇരിക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടികളിലും ഉത്തരവാദിത്തത്തിലും എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് സംഭവത്തെക്കുറിച്ച് ഊര്‍ജിത അന്വേഷണം തുടരുകയാണ്.