മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട് അതീവ ജാഗ്രതയില്‍
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗം. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം സെക്കന്തരാബാദ് സ്‌പെഷ്യല്‍, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം പട്‌ന എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.