പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കാനായി അമിത് ഷാ അടച്ചിട്ട മുറികളില്‍ യോഗം ചേരുന്നുവെന്ന് ഉദ്ധവ് താക്കറെ
മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ശിവസേന(യു.ബി.ടി വിഭാഗം)നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കാനായി അമിത് ഷാ അടച്ചിട്ട മുറികളില്‍ യോഗം ചേരുകയാണെന്നാണ് ഉദ്ധവ് താക്കറെ ആരോപിച്ചത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച്, സംസ്ഥാനത്തെ കവര്‍ച്ചക്കാര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ളതാണെന്നും ഉദ്ധവ് പറഞ്ഞു.
''നാഗ്പൂര്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പി നേതാക്കളുമായി അമിത് ഷാ അടച്ചിട്ട മുറികളില്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കണമെന്നും ഉദ്ധവ് താക്കറെയും ശരദ് പവാറിനെയും രാഷ്ട്രീയപരമായി തകര്‍ക്കണമെന്ന് നിര്‍ദേശം നല്‍കി. ഇത് അടച്ചിട്ട മുറിയിലിരുന്ന് പറയേണ്ട കാര്യമാണോ ജനങ്ങളുടെ മുമ്പില്‍ വെച്ചാണ് അമിത് ഷാ ഇതൊക്കെ പറയേണ്ടത്.''-ഉദ്ധവ് പറഞ്ഞു.
രാഷ്ട്രീയപരമായി തന്നെയും ശരദ് പവാറിനെയും തകര്‍ക്കണമെന്ന് പറയുന്നതിന്റെ ലക്ഷ്യം മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള ശിവസേനയെ ബി.ജെ.പി തകര്‍ത്തു. എന്നിട്ടും ശിവസേനക്ക് 63 സീറ്റുകള്‍ നേടാനായി. മഹാരാഷ്ട്രയില്‍ ഇത്തവണ മഹായുതി സഖ്യവും മഹാവികാസ് അഘാഡിയും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ്), എന്‍.സി.പി(ശരദ്പവാര്‍ പക്ഷം) എന്നീ പാര്‍ട്ടികളാണ് മഹാവികാസ് അഘാഷിയിലുള്ളത്. ശിവസേനയും ബി.ജെ.പിയും എന്‍.സി.പിയുമാണ് മഹായുതി സഖ്യത്തിലുള്ളത്.