Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവകേരള സദസിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകരെ വേട്ടയാടുന്നു: വി.ഡി. സതീശൻ

01:09 PM Nov 27, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: നവകേരള സദസെന്ന അശ്ലീല കെട്ടുകാഴ്ചയുടെ പേരിൽ മുഖ്യമന്ത്രിയെത്തുന്ന ജില്ലകളിൽ യു.ഡി.എഫ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലാക്കുകയും പൊലീസും സി.പി.എം പ്രവർത്തകരും ആക്രമിക്കുകയും ചെയ്യുന്ന നടപടി ക്രൂരമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിലുണ്ടായ ആക്രമണത്തെ ന്യായീകരിക്കുകയും അത് ഇനിയും തുടരണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നിയമം കയ്യിലെടുക്കാൻ സി.പി.എം ക്രിമിനലുകൾക്കും പൊലീസിനും പ്രചോദനമാകുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വടകരയിൽ ഒരു സംഘർഷവും ഇല്ലാതെയാണ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തത്. പൊലീസ് മനഃപൂർവം സംഘർഷമുണ്ടാക്കുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടി അവസാനിച്ചതിനു ശേഷമാണ് പ്രവർത്തകരെ വിട്ടയച്ചത്. അവരെ കൊണ്ടുവരാൻ പോയ യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം മാരാകായുധങ്ങളുമായി ആക്രമിച്ചു. കാർ അടിച്ചു തകർത്തു. വാഹനം എസ്.പി ഓഫീസിലേക്ക് കയറ്റിയതു കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. ഇതിൽ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകനെ ഡെപ്യൂട്ടി കമ്മിഷണർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
അമേരിക്കയിലെ മിനെപോളിസിൽ വെളുത്ത വർഗക്കാരനായ പോലീസുകാരൻ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് ഫ്ലോയിഡ് അവസാനമായി പറഞ്ഞ വാക്കുകൾ. ഡെപ്യൂട്ടി കമ്മിഷണർ കഴുത്ത് ഞെരിക്കുമ്പോൾ ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞതും എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് അമേരിക്കയിലെ മിനെപോളിസിൽ നിന്നും കോഴിക്കോടേക്കുള്ള ദൂരം അധികം ഇല്ലെന്ന് ബോധ്യപ്പെടുത്തിയ ക്രൂരമായ സംഭവമാണ്.

Advertisement

പടനിലത്ത് കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാരും സി.പി.എമ്മുകാരും ചേർന്ന് ആക്രമിച്ചു. ഹെൽമെറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് കസ്റ്റഡിയിലും ആക്രമിച്ചു. മുഖ്യമന്ത്രിയുടെ മുന്നിൽ പോകുന്ന സുരക്ഷാ ഭടൻമാരുടെ വാഹനത്തിൽ മാരകായുധങ്ങളാണ്. ആ മാരകായുധങ്ങളാണ് റോഡ് വക്കത്ത് നിൽക്കുന്ന പ്രതിഷേധക്കാർക്കെതിരെ വീശുന്നത്. മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോർട്ട് പോകുന്നത് ക്രിമിനലുകൾ ആണോയെന്ന് വ്യക്തമാക്കണം. ഒരു പ്രകോപനവും ഇല്ലാതെ കെ.എസ്.യു പ്രവർത്തക നസിയയുടെ മുഖത്തടിച്ച് മൂക്കിന്റെ പാലം തകർത്ത പൊലീസുകാരനെതിരെ ഒരു നടപടിയും എടുത്തില്ല. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനത്തിൽ നിന്നും ഇറങ്ങിയ ഉദ്യോഗസ്ഥർ വയർലെസ് സെറ്റ് ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയിൽ ഇടിച്ചത്. ഇതിലും നടപടിയില്ല. ഇതിനൊക്കെ പിന്നാലെയാണ് ഡെപ്യൂട്ടി കമ്മിഷണർ പ്രവർത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചത്. കാലം നിങ്ങളോടും കണക്ക് ചോദിക്കുമെന്നാണ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പൊലീസുകാരെ ഓർമ്മപ്പെടുത്താനുള്ളത്. രാജാവിനേക്കാൾ വലിയ രാജഭക്തിയുമായാണ് കുറെ ക്രിമിനലുകളും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത്. എല്ലാവരെയും കരുതൽ തടങ്കലിലാക്കാൻ പിണറായി വിജയൻ രാജാവാണോ? ഫറോക്കിൽ നിന്നും ശബരിമലയ്ക്ക് പോകാൻ നിന്നവരെ പോലും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പോകുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച ശബരിമല ഭക്തർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ കലിയിളകും. എല്ലാവരെയും കരുതൽ തടങ്കലിലാക്കുന്നത് തെറ്റായ രീതിയാണ്. ഇതിൽ നിന്നും പിന്മാറണം.

പ്രദേശികമായി പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന ചിലരാണ് നവകേരള സദസിൽ പങ്കെടുക്കുന്നത്. അല്ലാതെ പ്രധാനപ്പെട്ട ആരും പങ്കെടുത്തിട്ടില്ല. അങ്ങനെ ആരും പങ്കെടുക്കുകയുമില്ല. പങ്കെടുക്കേണ്ടെന്നത് രാഷ്ട്രീയ തീരുമാനമാണ്. ഈഅശ്ലീല നാടകത്തിന് പ്രതിപക്ഷം പോയിരുന്നെങ്കിൽ നിങ്ങൾ തന്നെ ഞങ്ങളെ പരിഹസിച്ചേനെ. 44 ദിവസം തിരുവനന്തപുരത്ത് നിന്ന് മാറി നിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. നവകേരള സദസ് കഴിഞ്ഞ് മടങ്ങി എത്തുമ്പോൾ തലസ്ഥാനനഗരിയിൽ ഒന്നും ബാക്കിയുണ്ടാകില്ല. എല്ലാ നശിപ്പിച്ചു. എല്ലാ വകുപ്പുകളും തകർത്തു. നികുതി പരിവിന്റെ സ്ഥിതിയെ കുറിച്ച് അറിയാതെയാണ് ധനമന്ത്രി നവകേരള സദസിനൊപ്പം യാത്ര ചെയ്യുന്നത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇപ്പോഴും നവകേരള സദസിന് വേണ്ടി സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നുണ്ട്. ബൂത്ത് ലവൽ ഓഫീസർമാരെ നവകേരള സദസിന് വേണ്ടി ഉപയോഗിക്കുകയാണ്. 25, 26 തീയതികളിൽ വോട്ട് ചേർക്കാൻ ബി.എൽ.ഒമാർ എത്തേണ്ടതായിരുന്നു. എന്നാൽ പലരും എത്തിയില്ല. ബി.എൽ.ഒമാരെ നിർബന്ധിതമായി സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ബി.എൽ.ഒമാർ സർക്കാരിന്റെ ഏജന്റുമാരല്ല. എന്നിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഭരണത്തെ ദുരുപയോഗം ചെയ്യുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് നവകേരള സദസിൽ പങ്കെടുപ്പിക്കുന്നത്. എന്നിട്ടാണ് പറവൂരിൽ കാണമെന്ന് മുഖ്യമന്ത്രി എന്നെ വെല്ലുവിളിക്കുന്നത്. ഭീഷണിപ്പെടുത്തി പാവങ്ങളെ എത്തിച്ച് ഇതാണ് ജനപിന്തുണയെന്ന് പറയാൻ ഈ മുഖ്യമന്ത്രിക്ക് മാത്രമെ സാധിക്കൂ. ഇതൊന്നും ഇല്ലാതെ ഒന്ന് വന്നു നോക്ക്. അപ്പോൾ എത്ര പേർ കാണുമെന്ന് നോക്കാം. ജനങ്ങളെ ഭീഷണിപ്പെടുത്തി ആളെ കൂട്ടേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്.

ഒരു മാസത്തിനിടെ നാല് കർഷകരാണ് ആത്മഹത്യ ചെയ്തത്. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. എന്നിട്ടാണ് നാണമില്ലാതെ പ്രസംഗിക്കുന്നത്. 50000 ടൺ നെല്ല് നാളികേരം സംഭരിക്കാൻ കേന്ദ്ര അനുമതി നൽകിയിട്ടും ഇതുവരെ സംഭരിച്ചത് 800 ടൺ മാത്രമാണ്. തമിഴ്‌നാട് 50000 ടൺ സംഭരിച്ചതിനെ തുടർന്ന് 35000 ടൺ കൂടി സംഭരിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകി. കർഷകരോടുള്ള സംസ്ഥാന സമീപനം ഇക്കാര്യത്തിൽ വ്യക്തമാണ്. സമൂഹിക സുരക്ഷാ പെൻഷനിൽ 10 ശതമാനം മാത്രമാണ് കേന്ദ്രം തരുന്നത്. എന്നിട്ടും കേന്ദ്ര തരാത്തത് കൊണ്ട് മുടങ്ങിയെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ കയ്യിൽ ഇരുപ്പ് കൊണ്ടാണ് പെൻഷൻ മുടങ്ങിയത്. ഇതെല്ലാം മറച്ചു വച്ച് കൊണ്ടാണ് മുഖ്യമന്ത്രിയും സംഘവും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെയാണ് ഡിസംബർ രണ്ട് മുതൽ യു.ഡി.എഫ് വിചാരണ സദസുകൾ സംഘടിപ്പിക്കുന്നത്. യു.ഡി.എഫ് ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്യും.

കുസാറ്റിൽ അപകടമുണ്ടായിട്ടും മുഖ്യമന്ത്രിയും സംഘവും യാത്ര തുടർന്നത് അവരുടെ ഔചിത്യത്തിന്റെ പ്രശ്മാണ്. ആഘോഷങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. അപകടത്തെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണം. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ പറ്റിയ സ്ഥലത്താണോ പരിപാടി നടത്തിയതെന്നും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷിക്കണം. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാം.

പ്രളയം, കോവിഡ് മഹാമാരി കാലങ്ങളിൽ നിർബന്ധിത പിരവ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം എന്തിന് വേണ്ടിയാണ് വിനിയോഗിച്ചതെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാനുള്ള ബാധ്യത സർക്കാരിനുണ്ട്. വകമാറ്റിയിട്ടുണ്ടെങ്കിൽ ഗുരുതര കുറ്റകൃത്യമാണ് സർക്കാർ നടത്തിയിരിക്കുന്നത്.

Advertisement
Next Article