ഒരുപടി മുന്നിൽ യുഡിഎഫ്; ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു
പാലക്കാട്: സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ആദ്യ മണിക്കൂറിൽ തന്നെ ആരംഭിച്ച് യുഡിഎഫ്. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് യുഡിഎഫ് ഒരു പടി മുന്നിലെത്തി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺഗ്രസ് നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെ തന്നെ യുഡിഎഫ് പ്രചാരണ തിരക്കിലേക്ക് കടന്നു. പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പെടെ നേതാക്കളെ സന്ദർശിക്കും. തുടർന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. 18ന് പാലക്കാട് മണ്ഡലത്തിലേക്ക് എത്തും. പാലക്കാട്ട് രാഹുലിനായി ചുമരെഴുത്തുകൾ ഇന്നലെ രാത്രി തന്നെ തുടങ്ങി. ചേലക്കരയിൽ രമ്യ ഹരിദാസിനുവേണ്ടിയുള്ള പ്രചാരണ പരിപാടികൾ പലയിടത്തും തുടങ്ങി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വൻ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. ഇന്നലെ രാത്രി തന്നെ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചു 'വയനാടിന്റെ പ്രിയങ്കരി' എന്ന പേരിൽ പോസ്റ്ററുകൾ യുഡിഎഫ് പ്രവർത്തകർ പതിച്ചു തുടങ്ങി.
തൃക്കാക്കര പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയ ഫോർമുല തന്നെയാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി വന്ന ഉടൻതന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനും ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് മേൽക്കോയ്മ നേടാനും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞു.