For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജില്ലയെ ഇളക്കിമറിച്ച് യുഡിഎഫ് ജനമുന്നേറ്റയാത്ര

11:38 AM Nov 20, 2023 IST | Rajasekharan C P
ജില്ലയെ ഇളക്കിമറിച്ച് യുഡിഎഫ് ജനമുന്നേറ്റയാത്ര
Advertisement

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലത്തു  നടത്തിയ ജനകീയ മുന്നേറ്റ ജാഥ അക്ഷരാർഥത്തിൽ ജില്ലയിലെ യുഡിഎഫ് ക്യാംപിന് ഉണർത്തു പാട്ടായി. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന അഴിമതി ഭരണവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ നടക്കുന്ന വിഭജനത്തിന്റെ ഭരണവും ജില്ലയിലെ സമസ്ത വിഭാഗം ജനങ്ങളുടെയും മുന്നിൽ തുറന്നു കാട്ടുന്നതിൽ ജാഥ വിജയിച്ചു. യുഡിഎഫിലെ മുഴുവൻ ഘടക കക്ഷികളുടെയും ഊറ്റമായ പിന്തുണയും സഹകരണവും മാത്രമല്ല, മുഴുവൻ കക്ഷികളുടെയും സംസ്ഥാനതല നേതാക്കളുടെ സാന്നിധ്യവും ജാഥ വിജയിപ്പിക്കുന്നതിന് സഹായിച്ചു.

Advertisement

ജില്ലയിലെ രണ്ട് എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ. കെ. പ്രമേചന്ദ്രനും വികസനം എത്തിക്കുന്നതിൽ മത്സരിക്കുകയായിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളോരോന്നും ജില്ലയിൽ അതിവേഗമെത്തി.
 വിഭജനപരമായ വികസനമല്ല, സമസ്ത വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യുന്ന വികസനമാണ് നാടിന് ആവശ്യമെന്ന പ്രഖ്യാപനത്തിലൂന്നിയായിരുന്നു പ്രേമചന്ദ്രൻ ജാഥ നയിച്ചത്. ജനപ്രതിനിധി എന്ന നിലയിൽ കൊല്ലം ജില്ലയിലും താൻ പ്രതിനിധാനം ചെയ്യുന്ന കൊല്ലം മണ്ഡലത്തിലും യുഡിഎഫ് നടത്തിയ വികസനങ്ങൾ എണ്ണിപ്പറ‍ഞ്ഞായിരുന്നു ജാഥ ഓരോ പോയിന്റും പിന്നിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 11 നിയമസഭാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വൻ ഭൂരിപക്ഷം. അതിനു ജനങ്ങൾക്കു നൽകിയ വികസന പദ്ധതികളോരോന്നും പ്രേമചന്ദ്രൻ എടുത്തു കാട്ടി.
361 കോടി രൂപ ചെലവിൽ പണി പൂർത്തിയാക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനാണ് അതിൽ പ്രധാനം. ജില്ലയിലെയെന്നല്ല സംസ്ഥാനത്തെ തന്നെ റെയിൽവേ ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊല്ലം മാറും. വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ 20 റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാകാൻ കൊല്ലത്തിനു കഴിഞ്ഞതു വലിയ നേട്ടമാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റൽ പൂർത്തിയായി വരുന്നു. 2025 ഓടെ നിർമാണം പൂർത്തിയാക്കി റെയിൽവേസ്റ്റേഷൻ ജനങ്ങൾക്കു തുറന്നു കൊടുക്കും. 26 കോടി രൂപ ചെലവിൽ പണി പൂർത്തിയാകുന്ന മെമു ഷെഡ് തെക്കൻ കേരളത്തിന്റെ മധ്യ, ഹൃസ്വ ദൂര യാത്രകൾ വേഗത്തിലും എളുപ്പത്തിലുമാക്കും. സംസ്ഥാനത്തെ മുഴുവൻ മെമു കാറുകളുടെയും അറ്റകുറ്റപ്പണികൾ കൊല്ലത്തെത്തും. ഇവിടെ നിന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് മെമു സർവീസുകൾ തുടങ്ങാനുമാവും.
 റെയിൽവേ ജീവനക്കാർക്കു പരിശീലനം നൽകുന്ന പുതിയ റെയിൽവേ ഇൻസ്റ്റിട്യൂട്ടിന്റെ നിർമാണവും വൈകാതെ പൂർത്തിയാകും. ഗേജ് മാറ്റം  പൂർത്തിയാക്കിയ കൊല്ലം വിരുതു നഗർ ലൈനിൽ ഏതാനും കിലോമീറ്റർ കൂടി വൈദ്യുതീകരണം നടത്താനുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ അതിന്റെ നിർമാണം പൂർത്തിയാകും. അതോടെ, കൊല്ലത്തു നിന്ന് കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഓടിക്കാനാവും. തിരക്കേറിയ എറണാകുളം-പാലക്കാ‌ട്- കോയമ്പത്തൂർ ഇടനാഴിക്കു ബദലായി എറണാകുളം- കൊല്ലം- പുനലൂർ- മധുര റൂട്ടിലും കൊല്ലം-തിരുവനന്തപുരം- തിരുനൽവേലി- മധുര റൂട്ടിലും കൂടുതൽ ട്രെയിനുകളെത്തും. കൊല്ലം ജംക്ഷൻ റെയിൽ വേ സ്റ്റേഷൻ സെൻട്രൽ റെയിൽ വേ സ്റ്റേഷനായി മാറും. അതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി യാത്രക്കാരെത്തുന്ന സ്ഥിതിയെത്തുമെന്ന് പ്രേമചന്ദ്രൻ.
ജില്ലയിലുടനീളം ദേശീയ പാത കനക്റ്റിവിറ്റി കൊണ്ടു വന്നതാണ് യുഡിഎഫ് എംപിമാരുടെ മറ്റൊരു വലിയ നേട്ടം. പാരിപ്പള്ളി കടമ്പാട്ട് കോണം മുതൽ ചടയമംഗലം, പുനലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ് വഴി ചെങ്കോട്ട വരെ നീളുന്ന ഗ്രീൻഫീൽഡ് നാഷണൽ ഹൈവേ ജില്ലയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ വികസനം സ്വപ്ന വേഗത്തിലാക്കും. സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് വേഗത്തിലാക്കിയാൽ നിർമാണം ഉടൻ തുടങ്ങാനാവും. 2,700 കോടി രൂപ ചെലവിൽ നാലുവരിപ്പാതയാണ് വിഭാവന ചെയ്തിരിക്കുന്നത്.
ഹൈസ്കൂൾ ജംക്‌ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കടപുഴ, ഭരണിക്കാവ്, താമരക്കുളം, ചെങ്ങന്നൂർ വഴി തേനി വരെ പോകുന്ന ദേശീയ പാത 183 അലൈൻമെന്റുകളട‌ക്കം പൂർത്തിയായി ഭരണാനുമതി നേടിക്കഴിഞ്ഞു. ചവറ ടൈറ്റാനിയം മുതൽ ശാസ്താംകോട്ട- ഭരണിക്കാവ് വരെ വരുന്ന എൻഎച്ച് 183 എയുടെ ഭരണാനുമതിയും നേടിയി‌ട്ടുണ്ട്. കൊല്ലം- കുണ്ടറ-കൊട്ടാരക്കര വഴി പുനലൂർ വരെയുത്തുന്ന ദേശീയപാത 44ന് 448 കോ‌ടി രൂപ കേന്ദ്രഫണ്ട് ലഭിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ ലഭിച്ചത് കൊല്ലം പാർലമെന്റ് മണ്ഡലത്തിലാണെന്ന് പ്രേമചന്ദ്രൻ അവകാശപ്പെട്ടു.  അതുപോലെ ജില്ലയിലെ പ്രധാന റെയിൽവേ ഗേറ്റുകൾക്കെല്ലാം മുകളിൽ റെയിൽവേ ഓവർ ബ്രിഡ്ജ് (ആർഓബി) അനുവദിച്ചു. പലതിന്റെയും പണി പൂർത്തിയായി. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിലും കൊല്ലമാണു മുന്നിലെന്ന് പ്രേമചന്ദ്രൻ അവകാശപ്പെട്ടു.  
യുഡിഎഫ് പ്രവർത്തകർ മാത്രമല്ല, സമസ്ത മേഖലയിലെയും തൊഴിലാളികൾ, വിദ്യാർഥികൾ, ബസ് യാത്രക്കാർ, വഴിയോര കച്ചവടക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ആയിരക്കണക്കിനാളുകളാണ് വഴിയോരങ്ങളിൽ നിന്ന് ജനകീയ മുന്നേറ്റയാത്രയെ വരവേറ്റത്. യുഡിഎഫ് നേതാക്കളായ കെ. മുരളീധരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, കെഎൻഎ ഖാദർ എംഎൽഎ, പി.രാജേന്ദ്ര പ്രസാദ്, ഷിബു ബേബി ജോൺ, ഡോ. ശൂരനാട് രാജശേഖരൻ, പഴകുളം മധു, ജില്ലാ ചെയർമാൻ കെ.സി. രാജൻ, എം.എം. നസീർ, സൂരജ് രവി, പി. ജർമിയാസ്, ബിന്ദു കൃഷ്ണ, എ.എ. അസീസ്, ഡി. ദേവരാജൻ, രാഹുൽ മാങ്കൂട്ടത്തിൽ, നൗഷാദ് യൂനുസ്, ഫ്രാൻസിസ് കല്ലട തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Tags :
Author Image

Rajasekharan C P

View all posts

Advertisement

.