യുഡിഎഫ് സലാല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
ഐ.ഓ.സി ഒമാൻ കേരള ചാപ്റ്ററും, കെ.എം.സി.സി സലാലയും സംയുക്തമായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സലാല മ്യൂസിക്ക് ഹാളിൽ നടന്ന കൺവെൻഷൻ, കെപിസിസി ജനറൽ സെക്രട്ടറി. എം.ലിജു ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എം.എൽ.എ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ, പൊന്നാനി പാർലമെൻ്റ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി, മലപ്പുറം പാർലമെൻ്റ് സ്ഥാനാർത്ഥിശ്രീ. ഇ.ടീ. മുഹമ്മദ് ബഷീർ, കോൺഗ്രസ് ഡിജിറ്റൽ മീഡിയാ കൺവീനർ ഡോക്ടർ.പി.സരിൻ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മതേതര ഇന്ത്യയെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിൽ യുഡിഎഫ് സാരഥികളെ 20 മണ്ഡലങ്ങളിലും വിജയിപ്പിക്കുവാനും ഇന്ത്യ ഒട്ടുണ് ഇന്ത്യ മുന്നണിയുടെ വിജയത്തിനായി പോരാടുവാനും നേതാക്കൾ സദസ്സിനെ ഓർമിപ്പിച്ചു. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയും അക്രമവും വഞ്ചനയും നടമാടുന്ന ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ ഭരണഘടന സ്ഥാപനങ്ങളെ എല്ലാം തകർക്കുകയാണ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ലോകം കണ്ട ഏറ്റവും വലിയ അഴിമതികളാണ് നമ്മൾ അനുഭവിക്കുന്നത്. ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മിൽ അടിപ്പിച്ച് നമ്മുടെ നാനാത്വത്തിൽ ഏകത്വത്തിനെ അപകടത്തിലാക്കുന്നു സംഘപരിവാർ. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുർഭരണം മൂലം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. ബിജെപിക്ക് മുദ്രാവാക്യങ്ങൾ ഉണ്ടാക്കുന്നവരായി കേരളത്തിലെ സി.പി.എം മാറി.
ബിജെപിയുടെ അജണ്ടകൾക്ക് പ്രചരണം നൽകുന്ന ഒരു സഹോദരസ്ഥാപനമായിട്ടാണ് കേരളത്തിലെ സിപിഎമ്മും ഇടതുപക്ഷ സർക്കാരും പ്രവർത്തനം നടത്തുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു. മനുഷ്യരെ തമ്മിലടിപ്പിച്ചും രാഷ്ട്രീയ വിജയത്തിന് വേണ്ടി ഇന്ത്യൻ ജനതയുടെ മനസ്സുകളിൽ വർഗീയ വിദ്വേഷം വളർത്തുവാനും ശ്രമിക്കുന്ന ബിജെപിയെയും അതിന് ചുക്കാൻ പിടിക്കുന്ന ഇടതുപക്ഷ മുന്നണിയെയും 20 മണ്ഡലങ്ങളിലും പരാജയപ്പെടുത്തുവാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഇന്ത്യൻ സ്കൂൾ പ്രസിഡണ്ട് ഡോക്ടർ അബൂബക്കർ സിദ്ദീഖ്, ഐ.ഓ.സി കേരള ചാപ്റ്റർ ജന.സെക്രട്ടറി ഹരികുമാർ ഓച്ചിറ, കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐ.ഓ.സി വർക്കിംഗ് കമ്മിറ്റി മെമ്പർ മത്തായി മണ്ഡപത്തിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കെ എം സി സി ആക്ടിങ്ങ് പ്രസിഡൻ്റ് സലാം ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഐ.ഓ.സി കേരള ചാപ്റ്റർ പ്രസിഡൻറ് ഡോക്ടർ നിഷ്താർ സ്വാഗതവും,ട്രഷറർ ഷജിൽ നന്ദിയും പറഞ്ഞു.